സംപ്രേഷണം തത്കാലം നിര്‍ത്തുന്നു, നിയമപോരാട്ടം തുടരും: മീഡിയവണ്‍

സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി മീഡിയവണ്‍ ചാനല്‍. കോടതി വിധി മാനിച്ച് സംപ്രേഷണം തല്‍ക്കാലം നിര്‍ത്തുകയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരുമെന്നും ചാനല്‍ അറിയിച്ചു.

‘മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച് സംപ്രേഷണം തല്‍ക്കാലം നിര്‍ത്തുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരും. ഉടന്‍ തന്നെ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. നീതി പുലരും എന്ന വിശ്വാസം ആവര്‍ത്തിക്കട്ടെ. പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി’ ചാനല്‍ അറിയിച്ചു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി നടപടി ശരിവെച്ചത്. ജസ്റ്റിസ് എന്‍ നാഗരേഷിന്റേതാണ് വിധി.

Read more

ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ചത് സംബന്ധിച്ച രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.