മുന്‍സിപ്പല്‍ ചെയര്‍മാന്റെ രാജി: സി.പി.എം ബന്ധത്തെ ചൊല്ലി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തുറന്ന പോരിലേക്ക്

വയനാട് ബത്തേരി മുന്‍സിപ്പാലിറ്റിയിലുള്ള കേരള കോണ്‍ഗ്രസിന്റെ ഇടതുബന്ധത്തെ ചൊല്ലി കോണ്‍ഗ്രസ് പരസ്യമായ കൊമ്പുകോര്‍ക്കലിലേക്ക്. സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസിന്റെ ടി.എല്‍ സാബു മുന്‍സിപ്പാലിറ്റി ചെയര്‍മാനായത്. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ ഇടതുബന്ധം ഉപേക്ഷിച്ച് രാജിവെയ്ക്കണമെന്ന് മുന്‍സിപ്പല്‍ ചെയര്‍മാനോട് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയും സാബുവിനോട് രാജിവെയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇടതുബന്ധം ഉപേക്ഷിക്കില്ലെന്നും രാജിവെയ്ക്കില്ലെന്നും അദ്ദേഹം നിലപാട് സ്വീകരിച്ചതോടെയാണ് പാര്‍ട്ടികള്‍ തമ്മില്‍ അസ്വാരസ്യം ഉയരാന്‍ തുടങ്ങിയത്.

എല്‍ഡിഎഫുമായി അഞ്ച് വര്‍ഷത്തെ കരാറുണ്ട്. സഹകരണം തുടരും. കോണ്‍ഗ്രസിന്റെ ഭീഷണി രാഷ്ട്രീയം കേട്ട് ചരിത്രപരമായ വിഡ്ഡിത്തത്തിനില്ലെന്നുമാണ് പാര്‍ട്ടിയുടെ അന്ത്യശാസന തള്ളി ടിഎല്‍ സാബു നിലപാടെടുത്തത്. അതേസമയം, സാബുവിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍, നടപടി പേടിക്കുന്നില്ലെന്ന് സാബു തിരിച്ചടിക്കുകയും ചെയ്തതോടെ കേരള കോണ്‍ഗ്രസ് വെട്ടിലായി.

ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചില്ലെങ്കില്‍ കോട്ടയത്ത് കാണാമെന്ന് കോണ്‍ഗ്രസും ജേക്കബ് വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ ഭീഷണിരാഷ്ട്രീയത്തിന് കീഴ്‌പ്പെട്ട് കൂറുമാറ്റത്തിന് നടപടി എടുക്കരുതെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ സംസ്ഥാന നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാബു പറഞ്ഞു.