സന്ദീപാനന്ദഗിരിയുടെ ആശ്രമവും ചികിത്സാ കേന്ദ്രമാക്കാന്‍ ഔഷധി; ശുപാര്‍ശ സമര്‍പ്പിച്ചു

കേരള സര്‍ക്കാരിന്റെ ആയുര്‍വ്വേദ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഔഷധിയുടെ നവീകരണത്തിന്റെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങളില്‍ ആയുര്‍വേദ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ഉള്‍പ്പെടെ പത്തനംതിട്ട, കോട്ടയം, വയനാട് അല്ലെങ്കില്‍ കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ശുപാര്‍ശയാണ് സര്‍ക്കാരിനു സമര്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. വാടകയ്‌ക്കോ വിലയ്‌ക്കോ സ്ഥലങ്ങള്‍ ഏറ്റെടുക്കാനാണ് ആലോചന.

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ചികിത്സാ കേന്ദ്രം തുടങ്ങാനുള്ള നിര്‍ദ്ദേശം മുന്‍ ചെയര്‍മാന്‍ ഭരണസമിതിക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ആയുഷ് വകുപ്പിന്റെ ഫണ്ട് ലഭിക്കുന്നതോടെയാണ് നിലച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ പുനരാരംഭിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള കെട്ടിടങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കിയത്.

സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി അധികൃതര്‍ സന്ദര്‍ശിച്ചു. ആശ്രമത്തിലെ സൗകര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ സംതൃപ്തി രേഖപ്പെടുത്തി.