അട്ടപ്പാടി മധു കേസ്; സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.രാജേന്ദ്രന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. രാജിവെക്കുകയാണെന്ന് അറിയിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കത്തു നല്‍കുകയായിരുന്നു.

സി രാജേന്ദ്രന്‍ രാജിവെച്ചതിനെ തുടര്‍ന്ന് പകരം ചുമതല അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം. മേനോനാണ്. രാജേന്ദ്രനെ മാറ്റണമെന്ന് മധുവിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.

കേസില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണ നിര്‍ത്തിവെക്കണമെന്നായിരുന്നു മധുവിന്റെ കുടുംബത്തിന്റെ ആവശ്യം. വിചാരണ തുടങ്ങിയതിന് ശേഷം സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണ് സാക്ഷികള്‍ മൊഴി മാറ്റുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടറെ മാറ്റിവെക്കണമെന്ന് മധുവിന്റെ അമ്മ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.

Read more

നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. ഫലപ്രദമായ രീതിയില്‍ വാദം നടത്താന്‍ പ്രോസിക്യൂട്ടര്‍ രാജേന്ദ്രന് കഴിയുന്നില്ലെന്ന ചൂണ്ടിക്കാട്ടി മധുവിന്റെ സഹോദരിയും അമ്മയുമാണ് മണ്ണാര്‍ക്കാട് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനെ മാറ്റാന്‍ കോടതിക്ക് അധികാരമില്ലെന്നും ഇങ്ങനെ ഒരു ആവശ്യം ഉണ്ടെങ്കില്‍ പരാതിക്കാര്‍ സര്‍ക്കാരിനെ സമീപിക്കണമെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.