മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍; തട്ടിപ്പ്, വിഷയം ഏറ്റെടുക്കുമെന്ന് ഗവര്‍ണര്‍

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം സര്‍വീസുണ്ടെങ്കില്‍ പോലും ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്ന വിഷയം ഇനി ഏറ്റെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെന്‍ഷന്റെ പേരില്‍ നടക്കുന്നത് തട്ടിപ്പാണ്. ഇവര്‍ നിയമത്തെ കൊഞ്ഞനം കാട്ടുകയാണ്.

യുവാക്കള്‍ ജോലിതേടി വിദേശത്ത് പോകുന്ന കാലഘട്ടത്തിലാണ് പൊതുപണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കാന്‍ എത്രകാലം ജോലി ചെയ്യേണ്ടിവരും – അദ്ദേഹം ചോദിച്ചു.

ഓരോ മന്ത്രിമാരും 25-ഓളം പേരെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നു. രണ്ട് വര്‍ഷത്തിനുശേഷം അവരോട് രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുന്നു. അത് നിര്‍ത്തലാക്കാന്‍ തനിക്ക് നിര്‍ദേശിക്കാനാകില്ല. എന്നാല്‍ ഇത് ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമായി വരും നാളുകളില്‍ മാറുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിഷയവും ഏറ്റെടുക്കുമെന്ന ഗവര്‍ണറുടെ പുതിയ പ്രഖ്യാപനം.

മന്ത്രിമാരെ നീക്കം ചെയ്യാനുള്ള അധികാരം തനിക്കില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. ധനമന്ത്രിക്കെതിരായ പ്രീതി പിന്‍വലിച്ചത് പ്രാദേശികവാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ അറിയിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് പ്രീതി നഷ്ടമായെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ‘എനിക്ക് മന്ത്രിയെ നീക്കാനുള്ള അധികാരമില്ല, കാരണം മുഖ്യമന്ത്രിയാണ് മന്ത്രിയെ തീരുമാനിക്കുന്നത്.

പ്രാദേശിക വാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ജനങ്ങളെ അറിയിക്കാനാണ് പ്രീതി പിന്‍വലിച്ചത്. കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത ഞാന്‍, എന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്’ അദ്ദേഹം പറഞ്ഞു.