നിങ്ങള്‍ക്ക് പരാതി ഉണ്ടോ..?, ഉണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞ നിമിഷം തൊട്ട് കണ്ടക്ടറായിരുന്നു സൂപ്പര്‍ ഹീറോ; സ്വയംഭോഗിയെ പിടികൂടാന്‍ യുവനടിയെ സഹായിച്ചത് കെ.കെ പ്രദീപ്, അഭിനന്ദനത്തില്‍ മൂടി നെറ്റിസണ്‍സ്

കെഎസ്ആര്‍ടിസി ബസില്‍ യുവനടിയുടെ തൊട്ടരുകിലിരുന്ന് സ്വയംഭോഗം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത യുവാവിനെ പിടികൂടന്നതില്‍ നിര്‍ണായകമായത് കണ്ടക്ടറുടെ ഇടപെടലായിരുന്നു. കെഎസ്ആര്‍ടിസി അങ്കമാലി ഡിപ്പോയിലെ കണ്ടക്ടറും സിപിഎം കുന്നുകര മുന്‍ ജെബിഎസ് ബ്രാഞ്ച് സെക്രട്ടറിയുമായ കെ കെ പ്രദീപാണ് നിര്‍ണായ ഇടപെടലിലൂടെ പരാതിക്കാരിയായ യുവതിക്ക് പിന്തുണ നല്‍കിയത്. കണ്ടക്ടറുടെ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കണ്ടക്ടറുടെ ഇടപെടല്‍ കൊണ്ടാണ് കോഴിക്കോട് ചേവായൂര്‍ സ്വദേശി സവാദ്(27) പിടിയിലായത്.

ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയില്‍ അത്താണിയിലാണ് സംഭവം. സിനിമാപ്രവര്‍ത്തകയായ തൃശ്ശൂര്‍ സ്വദേശിനി ഷൂട്ടിങ്ങിനായി കെ.എസ്.ആര്‍.ടി.സി. ബസില്‍ എറണാകുളത്തേക്ക് പോവുകയായിരുന്നു. അങ്കമാലിയില്‍ നിന്നാണ് സവാദ് ഈ ബസില്‍ കയറിയത്. മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ പരാതിക്കാരിക്കും മറ്റൊരു സ്ത്രീക്കും ഇടയിലാണ് സവാദ് ഇരുന്നത്. ബസ് അങ്കമാലിയില്‍നിന്ന് പുറപ്പെട്ടതോടെ യുവാവ് മോശമായി പെരുമാറാന്‍ തുടങ്ങി.

കൈ കൊണ്ട് യുവതിയെ ഉരസുകയും കുറച്ച് കഴിഞ്ഞതോടെ പാന്റിന്റെ സിബ്ബ് തുറന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇതോടെ യുവതി സീറ്റില്‍നിന്ന് ചാടി എഴുന്നേറ്റു പരാതി പറഞ്ഞു. ഉടന്‍ ഓടിയെത്തിയ കണ്ടക്ടര്‍ നിങ്ങള്‍ക്ക് പരാതിയുണ്ടോ? എന്ന ചോദ്യം ചോദിക്കുന്നത്. ഉടന്‍ തന്നെ പരാതിയുണ്ടെന്ന് യുവതി അറിയിച്ചു. ഇതോടെ ബസിന്റെ വാതിലുകള്‍ തുറക്കരുതെന്ന് ഡ്രൈവര്‍ക്ക് കണ്ടക്ടര്‍ നിര്‍ദേശം നല്‍കി. എന്നാല്‍,അത്താണി സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോള്‍ സവാദ് പുറത്തേക്ക് ഇറങ്ങിയോടി.

പിന്തുടര്‍ന്ന് കണ്ടക്ടര്‍ യുവാവിനെ പടിച്ചു നിരത്താന്‍ ശ്രമിക്കുന്നതും കണ്ടക്ടറിനെ തള്ളിമാറ്റി റോഡിലൂടെ ഓടുന്നതും യുവതി പുറത്തുവിട്ട വീഡിയോയില്‍ കാണാവുന്നതാണ്. പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാന്‍ തോന്നിയതില്‍ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയില്‍ പറഞ്ഞു.

ബസിലെ കണ്ടക്ടര്‍ വലിയ സഹായമാണ് ചെയ്തത്. ഡ്രൈവര്‍ ഉള്‍പ്പടെ ബസില്‍ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനില്‍ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്ന് യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

കണ്ടക്ടറെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതില്‍ ചിലത്..

”നിങ്ങള്‍ക്ക് പരാതിയുണ്ടോ..
എന്ന് ചോദിച്ച ഈ കണ്ടക്ടര്‍ നമ്മള്‍ കണ്ടു പരിചയിച്ച ഒരുപാട് വാര്‍പ്പ് മാതൃകകളെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി.
ട്രോളുകള്‍ക്കപ്പുറം തങ്ങള്‍ ജോലി ചെയ്യുന്ന ബസ്സില്‍ ഒരു യുവതിക്ക് മോശം അനുഭവം ഉണ്ടായി എന്ന് മനസ്സിലാക്കിയ ഉടന്‍ ഒരു വിമുഖതയും കാണിക്കാതെ അവളോടൊപ്പം നിന്ന് അവള്‍ക്ക് വേണ്ടി പോരാടിയ ആ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രബുദ്ധ കേരളത്തിന്റെ കയ്യടി അര്‍ഹിക്കുന്നുണ്ട്…
മനുഷ്യാ നിങ്ങളാണ് മനുഷ്യന്‍”

ബസില്‍ വെച്ച് മോശമനുഭവമുണ്ടായതിനെ തുടര്‍ന്ന് ശബ്ദമുയര്‍ത്തിയ പെണ്‍കുട്ടിയോട് ‘നിങ്ങള്‍ക്ക് പരാതിയുണ്ടോ..’ എന്ന് ചോദിക്കുകയും ആര്‍ജ്ജവത്തോടെ ഇടപെടുകയും ചെയ്ത ആ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ചിത്രമാണ് ആ വീഡിയോയിലെ ഏറ്റവും പ്രോജ്ജ്വലമായ ചിത്രം.
സ്ത്രീകള്‍ ഇത്തരം പരാതികള്‍ ഉന്നയിക്കുമ്പോള്‍
ചുറ്റുപാടുമുള്ള മനുഷ്യരുടെ പ്രതികരണങ്ങള്‍ എങ്ങിനെയാവുമെന്ന ആശങ്ക അവരെ എപ്പോഴും അലട്ടാറുണ്ട്.പരാതികളില്‍ നിന്ന് പിന്തിരിപ്പിക്കാറുണ്ട്.

‘ഞങ്ങളീ നാട്ടുകാരേ അല്ല’എന്ന രീതിയില്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന ബസ് ജീവനക്കാരെയാണ് നമ്മള്‍ കൂടുതലും കണ്ടിട്ടുള്ളതും…
നന്ദി,പേരറിയാത്ത സുഹൃത്തേ,
വാര്‍പ്പ് മാതൃകകളെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയതിന്..
വഷളന്‍ ചിരി കൊണ്ട് അവളെ വീണ്ടും മുറിപ്പെടുത്താതെയിരുന്നതിന്…
നമ്മളൊരു പുരോഗമന സമൂഹം
തന്നെയാണെന്ന് ഓര്‍മ്മപ്പെടുത്തിയതിനും…


തുടങ്ങിയുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.