എ.കെ.ജി സെന്റര്‍ ആക്രമണം: ജിതിന്‍ കുറ്റം സമ്മതിച്ചു, അറസ്റ്റ് രേഖപ്പെടുത്തി

എകെജി സെന്റര്‍ ആക്രമണ കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജിതിനാണ് സ്ഫോടക വസ്തും എകെജി സെന്ററിന് നേരെ എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ജിതിനെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. സംഭവത്തില്‍ ഒരാള്‍ക്കുകൂടി പങ്കുണ്ടോ എന്നതില്‍ അന്വേഷണം നടക്കുന്നുണ്ട്.  സ്കൂട്ടര്‍ എത്തിച്ചത് മറ്റൊരാളാണ്. അതേസമയം, സ്കൂട്ടറും വസ്ത്രവും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ജിതിന്‍ ധരിച്ച ടീ ഷര്‍ട്ടാണ് കേസില്‍ നിര്‍ണായകമായത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ടീ ഷര്‍ട്ട് ജിതിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുമുണ്ട്. സ്‌ഫോടകവസ്തു എറിഞ്ഞ ശേഷം സ്‌കൂട്ടറില്‍ ജിതിന്‍ ഗൗരീശപട്ടത്ത് എത്തി. ഇവിടെനിന്ന് ജിതിന്‍ കാറില്‍ കയറി പോയെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

ജിതിന്റെ ഉടമസ്ഥതയിലുള്ള കാര്‍ കണ്ടെത്തിയെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. ജിതിന്‍ ഫോണിലെ വിവരങ്ങള്‍ മായ്ച്ചു കളഞ്ഞെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

എകെജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ജിതിന് കേസുമായി ബന്ധം ഇല്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. ജിതിനെ ബോധപൂര്‍വ്വം പ്രതിയാക്കാനാണ് ശ്രമമെന്നും രാഷ്ട്രീയ പ്രേരിതമാണ് നടപടി എന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന-ജില്ലാ നേതാക്കള്‍ പറയുന്നത്.

അറസ്റ്റ് നാടകമാണെന്ന് വി ടി ബല്‍റാം പറഞ്ഞു. എകെജി സെന്‍റര്‍ ആക്രമണങ്ങളുമായി ജിതിന് ബന്ധമില്ല. എകെജി സെന്ററില്‍ ആക്രമണം നടത്തിയ ആളെത്തിയത് ഡിയോ വാഹനത്തിലാണ്. ജിതിന് ഡിയോ സ്‌കൂട്ടറില്ല. മറ്റ് ബന്ധങ്ങളുമില്ല.രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയിലുണ്ടായ ജനബാഹുല്യം കണ്ടും മനസിലാക്കിയുമുണ്ടായ അസ്വസ്ഥതയാണ് കസ്റ്റഡിയിലേക്ക് നയിച്ചതെന്നും ബല്‍റാം ആരോപിച്ചു.