ഫോണ്‍കെണി കേസ് റദ്ദാക്കണമെന്ന് പരാതിക്കാരി; ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

ഗതാഗതമന്ത്രിയായ എകെ ശശീന്ദ്രന്‍ ആരോപണം നേരിടുന്ന ഫോണ്‍കെണി കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവന്തപുരം സിജെഎം കോടതി പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

മംഗളം ചാനലിലെ വനിതാ മാധ്യമപ്രവര്‍ത്തകയാണ് പരാതിക്കാരി. തെറ്റിദ്ധാരണ മൂലമാണ് പരാതി കൊടുത്തതെന്നും കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്നും ഹര്‍ജിയില്‍ പറയുന്നു. കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും, കേസ് തന്റെ വ്യക്തിപരമായ കാര്യമാണെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലവും ഹാജരാക്കിയിട്ടുണ്ട്. ഹര്‍ജിക്കാരിയുടെ ആവശ്യം അതേപടി അംഗീകരിക്കാനാവില്ലെന്നാണ് കേസ് മുന്‍പ് പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയത്.

ഫോണ്‍കെണി വിവാദത്തില്‍ അന്വേഷണം നടത്തിയ കമ്മീഷന്‍ മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എ.കെ.ശശീന്ദ്രനെതിരായല്ല, മാധ്യമങ്ങള്‍ക്കെതിരായാണ് എന്നതിനാല്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് മടങ്ങി വരുന്നതില്‍ തടസങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.