വിദഗ്ദ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ഇന്ന് ബംഗളൂരുവിലേക്ക്, ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കിയത് എഐസിസി

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും, മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്ന് ഉച്ചയ്ക്ക് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. എഐസിസി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തിലാണ് തിരുവനന്തപുരത്ത് നിന്നും ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലേക്ക് എത്തിക്കുക. ഇന്ന് ഉച്ചയോടെയാവും യാത്ര.

നിലവില്‍ ഉമ്മന്‍ചാണ്ടി തലസ്ഥാനത്തെ നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്നായിരുന്നു കഴിഞ്ഞ തിങ്കളാഴ്ചയാണ് നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയെ തുടര്‍ന്ന് ന്യുമോണിയ നിയന്ത്രണ വിധേയമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇതിന് പിന്നാലെയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റാന്‍ തീരുമാനമായത്. ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ശരിയായ ചികിത്സ നല്‍കുന്നില്ലെന്ന് ചില ബന്ധുക്കള്‍ പരാതി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് മകന്‍ ചാണ്ടി ഉമ്മന്‍ തള്ളി. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യത്തില്‍ മകനെന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്തവുമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു..

കെ സി വേണുഗോപാല്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. ഞായറാഴ്ച ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലേക്ക് കൊണ്ട് പോകാനുള്ള ചാര്‍ട്ടേഡ് വിമാനം എ ഐ സി സിയാണ് ഏര്‍പ്പാടാക്കിയതെന്ന് അദ്ദേഹം അറിയിച്ചു.