മഴ മാറി, ക്വാറികള്‍ സജീവമാകും; ഖനന വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചു

കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഖനനത്തിന് ഏര്‍പ്പെടുത്തിയ താത്കാലിക വിലക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്ഥാനത്ത് മഴ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഖനനം മൂലമുള്ള ദുരന്തസാദ്ധ്യത ഒഴിവാക്കുന്നതിനാണ് വീട് നിര്‍മ്മാണം, കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാധാരണ മണ്ണുനീക്കം എന്നിവ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അതിതീവ്ര മഴ കുറഞ്ഞ സാഹചര്യത്തില്‍ കേരള ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലും മണ്ണിലെ ഈര്‍പ്പം കുറഞ്ഞതും കണക്കിലെടുത്താണ് വിലക്ക് നീക്കിയത്.

അതേസമയം, മലപ്പുറം ഉള്‍പ്പെടെ പ്രളയവും ഉരുള്‍പ്പൊട്ടലും വന്‍നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളില്‍ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ്. ഇവിടങ്ങളില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് നിയന്ത്രണം പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. ഇതനുസരിച്ച് മലപ്പുറത്തെ നിയന്ത്രണം ഒരാഴ്ച കൂടി നീട്ടാനാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മലപ്പുറം ജില്ലാ കളക്ടറുടെ തീരുമാനം.

ഓഗസ്റ്റ് ഒമ്പതിനാണ് പാറപൊട്ടിക്കലിനും ഖനനത്തിനും സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്.