പി വി അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നു; മുഖ്യമന്ത്രിയുടെയും ഉപജാപക സംഘത്തിന്റെയും പങ്ക് പുറത്തായെന്ന് വി ഡി സതീശൻ

അഴിമതി ആരോപണത്തിൽ പി വി അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെയും ഉപജാപക സംഘത്തിന്റെയും പങ്ക് പുറത്തായെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. അൻവറിനെ കൊണ്ട് പലതും ചെയ്യിപ്പിക്കുന്നത് സിപിഎമ്മിലെ ഉന്നത നേതാക്കളാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.

അൻവറിന്റെ വെളിപ്പെടുത്തൽ രണ്ടും നേരത്തെ പ്രതിപക്ഷം ഉന്നയിച്ചതാണെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പങ്ക് വലുതാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. മുൻപ് ഉന്നയിച്ച അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് പി വി അന്‍വര്‍ മാപ്പ് ചോദിച്ചിരുന്നു. വി ഡി സതീശനെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിലാണ് പി വി അൻവർ മാപ്പ് ചോദിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശ പ്രകാരമാണ് ആരോപണം ഉന്നയിച്ചതെന്ന് പി വി അന്‍വര്‍ വെളിപ്പെടുത്തി.

രാജിക്ക് പിന്നാലെ ഉന്നയിച്ച അഴിമതി ആരോപണം പിൻവലിച്ച് സംസാരിക്കുകയായിരുന്നു പി വി അൻവർ. നിരന്തരം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളില്‍ അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് പി ശശിയുടെ നിര്‍ദേശ പ്രകാരം അഴിമതി ആരോപണം ഉന്നയിച്ചതെന്നും അന്‍വര്‍ വെളിപ്പെടുത്തി. പാപഭാരങ്ങള്‍ ചുമന്നാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും നിരവധി ആരോപണങ്ങള്‍ മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊണ്ടുവന്നിരുന്നു. അതില്‍ പ്രതിപക്ഷത്തോട് വിദ്വേഷം ഉണ്ടായിരുന്നു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് സതീശനെതിരെ ആരോപണം ഉന്നയിക്കാന്‍ പറയുന്നതെന്ന് പി വി അൻവർ പറഞ്ഞു.

Read more