പാലക്കാട് കളക്ടറേറ്റ് മാർച്ച്; വി.ടി ബൽറാം എം.എൽ.എ അടക്കം 200 ഓളം പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Advertisement

മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ വി.ടി ബൽറാം എം.എൽ.എ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു.

പൊലീസിനെ മർദ്ദിച്ചത് ഉൾപ്പെടെയുളള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിനിടെ നടന്ന സംഘർഷത്തിൽ 12 ഓളം പൊലീസ് ഉദ്യോ​ഗസ്ഥർക്കും വി.ടി ബൽറാം ഉൾപ്പെടെയുള്ള നിരവധി പേർക്കും പരിക്കേറ്റിരുന്നു.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പൊലീസിനെ മർദ്ദിച്ചു, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്.

സംഘർഷത്തിൽ പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലെ സിപിഒ ലിജുവിന് ​ഗുരുതരമായി പരിക്കേറ്റു. കല്ലേറിൽ മുഖത്ത് പരിക്കേറ്റ ലിജുവിന് ഒമ്പത് തുന്നലുണ്ട്. മൂന്ന് പൊലീസ് ഉദ്യോ​ഗസ്ഥരുടെ തോളെല്ലിനും പരിക്കേറ്റു.