മാറ്റത്തിന് ഒരുങ്ങി യൂണിവേഴ്‌സിറ്റി കോളജ്, നിയന്ത്രണങ്ങളും അധികാരങ്ങളും ഇനി അധ്യാപകരില്‍ തന്നെ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സമഗ്ര പരിഷ്‌കരണത്തിനൊരുങ്ങി കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ട്രേറ്റ് നീക്കം തുടങ്ങി. പൊലീസ് സംരക്ഷണയോടെ കോളജ് തുറന്ന് പ്രവര്‍ത്തിക്കും.

പി.എസ്‌.സി പരീക്ഷകള്‍ ഇനി യുണിവേഴ്‌സിറ്റി കോളജില്‍ വച്ച് നടത്തേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. ഇക്കാര്യം കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുമെന്നാണ് വിവരം. കോളജ് യൂണിയന്‍ റൂമില്‍ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അഡീഷണല്‍ ഡയറക്ടര്‍ സുമ പറഞ്ഞു. സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളജില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് റീ അഡ്മിഷന്‍ നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ക്യാമ്പസിലെ ബാനറുകളും, പോസ്റ്ററുകളും, ചുവരെഴുത്തുകളുമെല്ലാം നീക്കും. അധ്യാപകരും വിദ്യാര്‍ത്ഥികളുമല്ലാത്തവര്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

യൂണിയന്‍ റും ക്ലാസ് റൂമാക്കി മാറ്റിക്കഴിഞ്ഞു. അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന പ്രത്യേക കമ്മിറ്റികള്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും രൂപീകരിക്കും. കോളജിലെ പരിപാടികളുടെ നടത്തിപ്പ് ഈ കമ്മിറ്റികളുടെ മേല്‍നോട്ടത്തിലാക്കാനും തീരുമാനമെടുത്തു.