മോഷണം കണ്ടെത്താന്‍ പോയ പൊലീസ് നായയുടെ തലയില്‍ തേങ്ങ വീണു

മോഷണക്കേസ് അന്വേഷിക്കാനെത്തിയ പൊലീസ് നായയുടെ തലയില്‍ തേങ്ങ വീണു. വ്യാഴാഴ്ച്ച മലപ്പുറത്താണ് സംഭവം. ചാര്‍ലി എന്ന നായയ്ക്കാണ് അപകടം സംഭവിച്ചത്. എളമ്പുലാശ്ശേരി സ്‌കൂളിന് സമീപത്തുള്ള അടച്ചിട്ട വീട്ടില്‍ നടന്ന മോഷണം അന്വേഷിക്കാനാണ് പൊലീസ് സംഘം നായയുമായി എത്തിയത്.

മോഷ്ടാക്കള്‍ ഉപേക്ഷിച്ച വസ്തുക്കളില്‍ മണംപിടിച്ച് പോകുന്നതിനിടെയാണ് എളമ്പുലാശ്ശേരി കണ്ടാരിപ്പാടം റോഡില്‍വെച്ച് നായയുടെ തലയില്‍ തേങ്ങവീണത്. റോഡില്‍ വീണ തേങ്ങ തെറിച്ച് നായയുടെ തലയില്‍ തട്ടുകയായിരുന്നു.

തേങ്ങ വീണതോടെ നായ പേടിച്ചു വിരണ്ടു. എന്നാല്‍ കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നായ സുഖമായിരിക്കുന്നുവെന്ന് ഡോഗ് സ്‌ക്വാഡ് വ്യക്തമാക്കി.

Read more

ബുധനാഴ്ചയാണ് വീട്ടില്‍ നിന്ന് ആളില്ലാത്ത സമയത്ത് നാലുപവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചത്. വീടിന്റെ പിന്‍വാതില്‍ തുറന്ന് അകത്തുകടന്നാണ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാല മോഷ്ടിച്ചത്. അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.