'നടുക്കുന്ന സത്യങ്ങൾ': എം.ശിവശങ്കറിന്റെ അനുഭവകഥ 'അശ്വത്ഥാമാവ് വെറും ഒരു ആന' പുറത്തിറങ്ങുന്നു

തിരുവനന്തപുരം വിമാനത്താവളത്തിൽ യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വർണ കള്ളക്കടത്തു കേസിൽ പ്രതിയായ എം.ശിവശങ്കര്‍ ഐഎഎസിന്റെ അനുഭവകഥ പുസ്തകരൂപത്തിൽ വരുന്നു. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായിരുന്ന എം.ശിവശങ്കർ പുസ്തകം പുറത്തിറക്കുന്നത്.

ജയിലിലടയ്ക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമാണ് എന്നാണ് പുസ്തകത്തിൽ വെളിപ്പെടുത്തുന്നത്. ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാവേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവകഥ എന്ന ടാഗ് ലൈനോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം ശനിയാഴ്ച പുറത്തിറങ്ങും.

അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാര രുപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐഎഎസ് ഇദ്യോഗസ്ഥന്റെ അനുഭവ കഥ. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടുത്തി. പിന്നെയും കുറേ കേസുകളില്‍ കുടുക്കി ജയിലില്‍ അടയ്ക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമെന്ന് വെളിപ്പെടുത്തുന്നു എന്നാണ് പുസ്തകത്തെ കുറിച്ചുള്ള വിശദീകരണം. സത്യാനന്തരകാലത്ത് നീതിതേടുന്ന ഓരോ മനുഷ്യനും ഇങ്ങനെയൊക്കെയാവും അനുഭവിക്കേണ്ടിവരിക എന്ന നടുക്കുന്ന സത്യങ്ങളാണ് പുസ്തകത്തില്‍ വെളിപ്പെടുത്തുന്നത് എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഡിസി ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്.

സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ എം.ശിവശങ്കര്‍ അടുത്തിടെയാണ് സര്‍വീസില്‍ തിരിച്ചെത്തിയത്. സ്‌പോര്‍ട്‌സ് വകുപ്പില്‍ സെക്രട്ടറിയായാണ് നിയമനം. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാൻ ഉത്തരവിട്ടത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാന്‍ ഇടപെട്ടത് സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2020 ജൂലൈ 16ന് ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് കണക്കിലെടുത്താണ് രണ്ടാമത് സസ്‌പെന്‍ഡ് ചെയ്തത്.

പിറന്നാൾ ദിനത്തിൽ ജയിൽ അനുഭവമടക്കം വിവരിച്ച് ശിവശങ്കർ ഫെയ്‌സ്ബുക്കിൽ നേരത്തെ പോസ്റ്റിട്ടിരുന്നു. യഥാർത്ഥ സ്നേഹിതരേ മനസിലാക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചു. മുൻപ് പിറന്നാൾ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകൾ മാത്രമാണ് ഇത്തവണ പിറന്നാൾ ആശംസിച്ചത് എന്നും ശിവശങ്കർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.