'ലോകായുക്ത ഓർഡിനൻസിനെ ഇപ്പോഴും എതിർക്കുന്നു'; കാനം രാജേന്ദ്രൻ

ലോകായുക്ത ഓര്‍ഡിനന്‍സിനെ ഇപ്പോഴും എതിര്‍ക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോകായുക്ത നിയമഭേദഗതിയുടെ ആവശ്യം ഗവര്‍ണര്‍ക്ക് മനസിലായിട്ടുണ്ടാകും. അതുകൊണ്ടാണ് അദ്ദേഹം ഒപ്പുവെച്ചത്. എന്നാല്‍ ഇത് സിപിഐയ്ക്ക് മനസ്സിലായിട്ടില്ലെന്നും കാനം പറഞ്ഞു. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോകായുക്തയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ചര്‍ച്ച നടന്നിട്ടില്ല. ഭേദഗതിയ്ക്കായുള്ള അടിയന്തര സാഹചര്യം എന്താണ് എന്നതാണ് സിപിഐയുടെ ചോദ്യം. ഇക്കാര്യത്തില്‍ മുന്നണിയില്‍ ചര്‍ച്ച നടത്തി അഭിപ്രായസമന്വയം ഉണ്ടാകണം. അഭിപ്രായ സമന്വയം ഉണ്ടാക്കി കൊണ്ട് മാത്രമേ എല്‍ഡിഎഫിന് മുന്നോട്ട് കൊണ്ടു പോകാനാകൂ എന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ഓര്‍ഡിനന്‍സിന്റെ ആവശ്യകത എന്താണെന്ന് ബോധ്യപ്പെട്ടാല്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്ത ഭേദഗതി വിഷയത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്. കൂടിക്കാഴ്ചയില്‍ ഓര്‍ഡിനന്‍സിലെ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വിശദീകരിച്ചതായാണ് വിവരം.