'കോണ്‍ഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കന്‍റ് '; ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി വി.ഡി സതീശൻ

ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലി കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിച്ച് അനുനയ നീക്കത്തിന് സാധ്യത. മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കൂടിക്കാഴ്ച നടത്തി. പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

നേതൃത്വവുമായി ചര്‍ച്ച വേണമെന്ന് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. ആദ്യം കോണ്‍ഗ്രസെന്നും രണ്ടാമത് മാത്രമാണ് ഗ്രൂപ്പെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചർച്ചകൾ തുടരുമെന്നും എല്ലാ പ്രശ്‍നങ്ങളും പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

Read more

കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്. മാധ്യമങ്ങൾ ഒരാഴ്ചയായി അത് ആഘോഷിക്കുകയല്ലേ എന്ന് വി.ഡി സതീശൻ ചോദിച്ചു. പ്രശ്ന പരിഹാരത്തിന്റെ ആദ്യപടിയായാണ് ഉമ്മൻ ചാണ്ടിയെ കണ്ടത്. ചെന്നിത്തലയെയും കാണുമെന്നും സതീശന്‍ പറഞ്ഞു. മുതിർന്ന നേതാക്കൾക്ക് പ്രയാസമുണ്ടാകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും സതീശന്‍ കൂട്ടിച്ചേർത്തു.