'പിന്നില്‍ നിന്നും ആക്രമിച്ചു, കഴുത്തറുത്തതിന് ശേഷം കിണറ്റിലിട്ടു'; കേശവദാസപുരത്തെ കൊലപാതകം അതിക്രൂരമായെന്ന് പൊലീസ്

തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയായ മനോരമയെ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് പൊലീസ്. ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി ആദം മനോരമയെ പിന്നില്‍ നിന്നും ആക്രമിക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് പാക്ക് വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു മനോരമ. നിലവിളിച്ചപ്പോള്‍ വായ കൂട്ടിപ്പിടിച്ചെന്നും അവരുടെ കയ്യിലുണ്ടായ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

മനോരമയെ കഴുത്തുറത്ത് കൊലപ്പെടുത്തിയ ശേഷമാണ് കിണറ്റില്‍ ഇട്ടതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാണ്. എന്നാല്‍ പ്രതിയെ പിടികൂടാതിരുന്നതിനാല്‍ അതിക്രൂര കൊലപാതകത്തെക്കുറിച്ചുളള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നില്ല. 21കാരനായ പ്രതി ആദം അലി സ്വദേശമായ ബംഗാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെന്നൈയില്‍ വെച്ച് പൊലീസിന്റെ പിടിയിലായിരുന്നു.

ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്ത് എത്തിക്കുന്ന ആദമിനെ സംഭവ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. മനോരമയുടെ ദേഹത്ത് ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതിയില്‍ നിന്ന് കണ്ടെടുത്തതായി സൂചനകളുണ്ട്.

കൊലപാതകത്തിനു ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും,കരുതിക്കൂട്ടിയുള്ള കൊലപാതകമാണോ എന്നുമാണ് ഇനി വ്യക്ത വരുത്തേണ്ടത്. ഇതിനായി വിശദമായ ചോദ്യം ചെയ്യല്‍ നടത്തും.