ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് അമ്പലങ്ങള്‍ക്കായി ചിലവഴിച്ചത് 1720 കോടി

ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് അമ്പലങ്ങള്‍ക്കായി ചിലവഴിച്ചത് 1720 കോടിരൂപയാണെന്ന് മുഖ്യന്ത്രി. അമ്പലങ്ങളിലെ വരുമാനമെടുത്ത് സര്‍ക്കാര്‍ ചെലവഴിക്കുകയാണെന്ന ചിലരുടെ പ്രചരണം ബോധപൂര്‍വവും വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡുകളോടുള്ള കരുതല്‍ അത്രത്തോളം വലുതാണെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ത്രിസപ്തതി ആഘോഷങ്ങള്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.

Read more

പ്രകൃതിദുരന്തങ്ങളുണ്ടായപ്പോഴും കൊവിഡ് കാലത്ത് വരുമാനം കുറഞ്ഞപ്പോഴും ദേവസ്വങ്ങള്‍ക്ക് താങ്ങായി 273 കോടി രൂപ സര്‍ക്കാര്‍ നല്‍കി. അമ്പലങ്ങളുടെ നടത്തിപ്പില്‍ നിന്നും സര്‍ക്കാര്‍ മാറി നില്‍ക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. ക്ഷേത്ര നടത്തിപ്പ് വിശ്വാസികളെ ഏല്‍പ്പിക്കണമെന്നും പ്രചരിപ്പിക്കുന്നു. വിഷമഘട്ടങ്ങളില്‍ സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകളും ജീവനക്കാരുടെ ശമ്പളവും എങ്ങനെയാണ് നിര്‍വഹിക്കുകയെന്ന് ഇവര്‍ ഓര്‍ക്കണം. അമ്പലങ്ങള്‍ ക്ഷയിച്ചുപോയ കാലത്ത് ശാന്തിക്കാര്‍ക്കും കഴകക്കാര്‍ക്കും വിശപ്പകറ്റാന്‍ മാര്‍ഗമില്ലാതെയായി. അവരുടെ ക്ഷേമവും അമ്പലങ്ങളുടെ നിലനില്‍പ്പും മുന്‍നിര്‍ത്തി അമ്പലങ്ങളുടെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന പൊതു ആവശ്യം ഉയര്‍ന്നുവന്നതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡുകള്‍ രൂപീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.