ഭര്‍ത്താവ് തട്ടിയെടുത്ത 108 കോടി ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോ?, ഡി.ജി.പിയ്ക്ക് പരാതി നല്‍കി പ്രവാസി വ്യവസായിയുടെ മകള്‍; അന്വേഷിക്കാന്‍ പൊലീസ്

പ്രവാസി വ്യവസായിയില്‍ നിന്നും 108 കോടി മരുമകന്‍ തട്ടിയെടുത്ത കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ തീരുമാനിച്ച് കേരള പൊലീസ്. പ്രവാസി വ്യവസായി ലാഹിര്‍ ഹസ്സന്റെ മകള്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് ഇത്രയധികം പണം എങ്ങോട്ടാണ് പോയതെന്ന് പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം എറണാകുളം റെയ്ഞ്ച് ഡി.ഐ.ജിയായിരിക്കും അന്വേഷിക്കുക.

കാസര്‍ഗോഡ് ചേര്‍ക്കള സ്വദേശി ഹാഫിസ് കുതിരോളിക്കെതിരെ ഭാര്യ ഹാജിറയാണ് ഡിജിപിയ്ക്ക് നേരിട്ട് പരാതി നല്‍കിയത്. ഹാഫിസിന്റെ ക്രിമിനല്‍ സ്വഭാവവും തട്ടിപ്പു സംഭവങ്ങളും മനസ്സിലാക്കിയതോടെ ഇപ്പോള്‍ വിവാഹ മോചന നിയമനടപടി സ്വീകരിച്ച്  മുന്നോട്ട് പോവുകയാണെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാഫിസ് തന്റെ പിതാവില്‍ നിന്നും മാത്രമല്ല, മറ്റു പലരുടെയും അടുത്ത് നിന്നും പണം തട്ടിപ്പ് നടത്തിയതായാണ് അറിവെന്നും, അങ്ങനെയാണെങ്കില്‍ 108 നും പുറമെ പിന്നെയും ഒരുപാട് കോടികള്‍ തട്ടിയെടുത്തിട്ടുണ്ടാകുമെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ പണമെല്ലാം എന്തിനു വേണ്ടിയാണ് ഹാഫിസ് ഉപയോഗിച്ചതെന്നത് പ്രത്യേകമായി തന്നെ അന്വേഷിക്കണമെന്നതായിരുന്നു ഹാജിറ ആവശ്യപ്പെട്ടിരുന്നത്. അതിന് അവര്‍ പരാതിയില്‍ പറയുന്ന കാരണവും ഗൗരവകരമാണ്.

ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ പ്രവൃത്തികളും നിയമ വിരുദ്ധ പ്രവൃത്തികളും നടത്തുന്നവരുടെ കൈവശത്തേക്കും ഹാഫിസിന്റെ അക്കൗണ്ടില്‍ നിന്നും പണം പോയിട്ടുണ്ടോ എന്ന സംശയമാണ് ഹാജിറ പരാതിയില്‍ പറയുന്നു. ഹാഫിസ് മുഹമ്മദിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും , ഫോണ്‍ നമ്പറുകളും , വാട്‌സ് അപ്പ്, ടെലഗ്രാം , ഇമെയില്‍ തുടങ്ങിയ അക്കൗണ്ടുകളുടെ ചാറ്റ് ഹിസ്റ്ററിയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേവലം 24 വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഇത്രയും വലിയ കോടികളുടെ ഇടപാട്. ഇത്തരക്കാരുമായി എന്തു തരത്തിലുള്ള ബന്ധമാണ് ഹാഫിസിന് ഉള്ളതെന്നു കണ്ടെത്തണമെന്നും, അത്തരക്കാരുടെ ജീവിത പശ്ചാത്തലം കൂടി പരിശോധിച്ചാല്‍ യാഥാര്‍ത്ഥ്യം വ്യക്തമാകുമെന്നുമാണ് ഹാജിറ പരാതിയില്‍ പറയുന്നത്. ഇക്കാര്യമാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.