വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്‌ക്വയര്‍ഫീറ്റില്‍ ഒറ്റനില വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഭാവിയില്‍ രണ്ടാം നില കൂടി നിര്‍മ്മിക്കാന്‍ സൗകര്യമുള്ള തരത്തിലാകും അടിത്തറ തയ്യാറാക്കുകയെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഒരേ രീതിയില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തും. വിലങ്ങാടിലെ ദുരന്തബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യജീവന്‍ നഷ്ടപ്പെടാതിരുന്നത് സാമൂഹ്യ ഇടപെടല്‍ കൊണ്ട് കൂടിയാണ്. അത്തരത്തില്‍ ഇടപെടാന്‍ ആവശ്യമായ ബോധവത്കരണ സംവിധാനം തയ്യാറാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുക്രമീകരണങ്ങള്‍ നടപ്പാക്കും. വീട് നഷ്ടപ്പെട്ടവര്‍ക്കാണ് പുനരധിവാസത്തില്‍ മുന്‍ഗണന നല്‍കുന്നത്. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും. പുനരധിവാസ പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി ആളുകള്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read more
എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്ക് താത്പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനം ഇതോടൊപ്പം നല്‍കും. വാടക കെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്റെ ഭാഗമായി സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.