മാപ്പ്..., നിരുപാധികം മാപ്പ്; നടിയെ ആക്രമിച്ച സംഭവത്തിലെ ആരോപണത്തില്‍ ഹൈക്കോടതിയില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര; കോടതിയലക്ഷ്യത്തില്‍ തലയൂരി

നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഇന്നു ഹൈക്കോടതിയില്‍ എത്തിയാണ് ബൈജു മാപ്പ് പറഞ്ഞത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കഴിഞ്ഞ മെയ് 9 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് കോടതിയില്‍ ഏറ്റു പറഞ്ഞതോടെ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീര്‍പ്പാക്കി.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ജഡ്ജിയ്ക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്ജിയാണെങ്കില്‍ ഇറങ്ങിപ്പോകണമെന്നുമായിരുന്നു ബൈജു കൊട്ടാരക്കരയുടെ പരാമര്‍ശം. ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് അപേക്ഷിച്ചിരുന്നു. ജഡ്ജിയെ ആക്ഷേപിക്കാന്‍ ഉദേശിച്ചിരുന്നില്ലെന്നും ജുഡീഷ്യറിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല പരാമര്‍ശങ്ങളെന്നും വ്യക്തമാക്കിയാണ് ബൈജു കൊട്ടാരക്കര കോടതിയില്‍ ക്ഷമാപണം നടത്തിയത്.

വിവാദ പരാമര്‍ശം നടത്തിയ അതേ ചാനലിലൂടെയും ബൈജു കൊട്ടാരക്കര ഖേദപ്രകടനം നടത്തിയിരുന്നു. നേരത്തെ കേസില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി രണ്ടു തവണ ബൈജു കൊട്ടാരക്കരയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബൈജു കൊട്ടാരക്കര കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞത്.