സവര്‍ക്കറോട് മനോരമയ്ക്ക് ആദരവാണെങ്കില്‍ അയാളുടെ പ്രതിമ അവരുടെ ഓഫീസില്‍ സ്ഥാപിക്കട്ടെ!

ദി വീക്കിന്റെ മാപ്പ് പറച്ചിലിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ നിരഞ്ജന്‍ ടാക്ലേ അഭിമുഖം : എൻ കെ ഭൂപേഷ്

ഏകേദേശം അഞ്ച് വര്‍ഷം മുമ്പ് 2016 ജനുവരി 24 ന്  മലയാള മനോരമ പ്രസിദ്ധീകരണമായ “ദി വീക്ക്” ഒരു അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഹിന്ദുത്വത്തിന്റെ ആചാര്യന്‍ വിഡി സവര്‍ക്കറെക്കുറിച്ചായിരുന്നു അത്.
അദ്ദേഹം ജയില്‍ മോചിതനാകാന്‍ ബ്രിട്ടീഷുകാര്‍ക്ക് എഴുതിയ മാപ്പപേക്ഷകളും, അതുപോലെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതെ കോണ്‍ഗ്രസിനെതിരെയും മുസ്ലീങ്ങള്‍ക്കതിരെയും നടത്തിയ പ്രചാരണങ്ങളും രേഖകള്‍ സഹിതം
സ്ഥാപിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വവും സവര്‍ക്കറും ഏതൊക്കെ രീതിയില്‍ സഹകരിച്ചുപോന്നുവെന്ന്  വ്യക്തമാകുന്നതായിരുന്നു അത്.

പ്രശസ്ത അന്വേഷണാത്മക മാദ്ധ്യമ പ്രവര്‍ത്തകനായ നിരഞ്ജന്‍ ടാക്ലെയായിരുന്നു ഈ വാര്‍ത്ത തയ്യാറാക്കിയത്. വലിയ രീതിയില്‍ ആ വാര്‍ത്ത ശ്രദ്ധിക്കപ്പട്ടു. സവര്‍ക്കറിന്റെ കുടുംബവും സംഘ്പരിവാറും വാര്‍ത്തയ്‌ക്കെതിരെ രംഗത്തുവന്നു. കഴിഞ്ഞ യാഴ്ച പ്രസിദ്ധീകരി ച്ച ദി വീക്ക് അഞ്ച് വര്‍ഷം മുമ്പു കൊടുത്ത ഈ റിപ്പോര്‍ട്ടിന്റെ പേരില്‍മാപ്പ് പറയുകയും സവര്‍ക്കറിനോട് തങ്ങള്‍ക്ക്
വലിയ ആദരവാണെന്നും റിപ്പോര്‍ട്ട് തെറ്റിദ്ധാരണയുണ്ടാക്കി എന്നും എഴുതി.

അന്ന് ഈ റിേപ്പോര്‍ട്ട് തയ്യാറാക്കിയ നിരഞ്ജന്‍ ടാക്ലെ ഇേപ്പോള്‍ വീക്കിനൊപ്പമില്ല. സവര്‍ക്കറിനെക്കുറിച്ചുളള റിപ്പാര്‍ട്ടിന്റെ പേരില്‍ മാപ്പ് പറഞ്ഞത് മനോരമയുടെ ഭീരുത്വമാണെന്നും സവര്‍ക്കറിനോട് ആദരവാണെങ്കില്‍ അവരുടെ ഓഫീസില്‍ അയാളുടെ പ്രതിമ സ്ഥാപിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം ഈ അഭിമുഖത്തില്‍ പറയുന്നു. സിബിഐ ജഡ്ജിയായിരുന്ന ലോയയുടെ
മരണത്തിലെ ദുരൂഹതകള്‍ പുറ ത്തുകൊണ്ടുവന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് നിരഞ്ജന്‍ ദി വീക്കില്‍ നിന്നും രാജിവെച്ചത്. അന്ന്‌നേരിട്ട പ്രതിസന്ധികളെക്കുറി ച്ചും അദ്ദേഹം എ കെ ഭൂപേഷിന് ന്ല്‍കിയ
അഭിമുഖത്തില്‍ വിശദീകരിക്കുന്നു.

  •  അഞ്ച് വര്‍ഷം മുന്‍പ് താങ്കള്‍ വി ഡി സവര്‍ക്കറെ കുറിച്ച് എഴുതിയ ലേഖനത്തിന്റെ പേരില്‍ അത് പ്രസിദ്ധീകരി ച്ച മലയാള മനോരമയുടെ ദി വീക്ക് മാപ്പ് പറഞ്ഞിരിക്കുന്നു. ചില തെറ്റായ നിഗമനങ്ങള്‍ ഉണ്ടാക്കാന്‍ ആ ലേഖനം കാരണമായി എന്നാണ് അവര്‍ പുതിയ ലക്ക ത്തില്‍ പറയുന്നത്. അഞ്ച് വര്‍ഷത്തിനു ശേഷമുള്ള ഈ മാപ്പു പറച്ചിലിനെ താങ്കള്‍ എങ്ങനെയാണ് കാണുന്നത് ?

യഥാര്‍ത്ഥത്തില്‍ ദി വീക്ക് മാപ്പ് പറഞ്ഞതു കേട്ടപ്പോള്‍ ഞാനും ഞെട്ടിപ്പോകുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് അത് ചെയ്തത് എന്നറിയില്ല. ഞാന്‍ സവര്‍ക്കറിനെക്കുറിച്ച് ഇത്തര ത്തില്‍ ഒരു സ്റ്റോറി ചെയ്യാമെന്ന ആശയം മുന്നോട്ടുവെച്ചത്
2015- ഒക്ടോബറില്‍ നടന്ന ദി വീക്കിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലാ യോഗത്തില്‍ വെച്ചായിരുന്നു. ആ യോഗത്തില്‍ വീക്കിന്റെ പ്രധാനപ്പെട്ട എഡിറ്റര്‍മാരും മാനേജ്‌മെന്റ് പ്രതിനിധികളും ഉണ്ടായിരുന്നു റിയാദ് മാത്യു, ഫിലി പ്പ് മാത്യു തുടങ്ങി എല്ലാ മേഖലകളിലേയും ബ്യൂറോ ചീഫുമാരുണ്ടായിരുന്നു. അതുപോലെ റിപ്പാര്‍ട്ടര്‍മാരും. അന്ന് ആ ആശയംഒന്നര മണിക്കൂറോളമാണ് ചര്‍ച്ച ചെയ്തത്.
അതുവരെ ശേഖരിച്ച ഡോക്യുമെന്റുകളെക്കുറിച്ച് ഞാന്‍ വിശദീകരി ച്ചു. അതിനിടയില്‍ റിയാദ് മാത്യുവാണ് ആ സ്റ്റോറി ചെയ്യാമെന്ന് പറയുന്നത്. ഇത്തരം ഘട്ടങ്ങളില്‍ ഒരു നിലപാടെടുക്കണം എന്നും അദ്ദേഹം പറഞ്ഞു. അതാണ് തുടക്കം ഏതൊക്കെ രീതിയിലായിരുന്നു അന്വേഷണം ഇതിന് വേണ്ടി കിട്ടാവുന്ന എല്ലാ രേഖകളും ഞാന്‍ സംഘടിപ്പിച്ചു. നാഷണല്‍ ആര്‍ക്കൈവ്‌സിലെയും നെഹ്റു
മെമ്മോറിയല്‍ ലൈബ്രറിയിയിലും ഇത് സംബന്ധിച്ച് രേഖകള്‍ കണ്ടെടുത്തു.
നിരവധി ദിവസങ്ങള്‍ ഡല്‍ഹിയില്‍ താമസിച്ചു. ലണ്ടനിലെ ഇന്‍ഡ്യാ ആര്‍ക്കൈവ്‌സില്‍നിന്നും കിട്ടാവുന്ന രേഖകള്‍ സംഘടിപ്പിച്ചു. അവിടെനിന്ന് വളരെ പ്രധാനപ്പെട്ട രേഖകളാണ് കിട്ടിയത്. പിന്നീട് അന്തമാനില്‍ പോയി. സെല്ലുലാര്‍ ജയിലിലെ രേഖകള്‍ പരിശോധിച്ചു. അവിടെ നൂറ് വയസ്സിലധികം പ്രായമുള്ള ആളുകള്‍ ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ സ്വാതന്ത്ര്യസമരകാലത്ത് ജയിലില്‍ അടക്കപ്പട്ടവരായിരുന്നു. അവരുമായി സംസാരി ച്ചു. രേഖകള്‍ ക്രോസ് ചെക്ക് ചെയ്തു.

ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഞാന്‍ ആ സ്റ്റോറി എഴുതിയത്.
അതിന് മുമ്പ് ഒരു വീഡിയോ കോണ്‍ഫറന്‍സ് കൂടി സ്ഥാപനം നടത്തി. എല്ലാ ബ്യൂറോ ചീഫുമാരും പങ്കെടുത്തു. ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ആ യോഗ ത്തിലാണ് അദ്ദേഹം പറഞ്ഞത് നിരഞ്ജന്‍ ഇത്രയും രേഖകള്‍ സംഘടി പ്പി ച്ചിട്ടുങ്കെില്‍ ആ സ്റ്റോറി ഒരു ഹിറ്റാകും. ചര്‍ച്ചയാകുമെന്നൊക്കെ. അതു തന്നെ സംഭവിച്ചു. പ്രസിദ്ധീകരിച്ചതിന് ശേഷം ആ സ്റ്റോറി വലിയ ചര്‍ച്ചയായി. അക്കാലത്തെ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനും അതിന് കിട്ടി. അത്തരമൊരു സ്റ്റോറിയുടെ പേരിലാണ് അഞ്ച് വര്‍ഷത്തോളം കഴിഞ്ഞ് ദി വീക്ക് മാപ്പ് പറഞ്ഞിരിക്കുന്നത്. അത് ഞെട്ടലുണ്ടാക്കുന്നതാണ്. ദി വീക്കിന്റെ നടപടി അങ്ങേയറ്റം ഭീരുത്വം നിറഞ്ഞതാണ്.

  • ഇതിനു ശേഷം ന്യൂസ് സ്റ്റോറിയില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയില്‍ ദി വീക്കിന്റെ പത്രാധിപര്‍ മാപ്പു പറഞ്ഞ സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നുണ്ട്. അതില്‍ അദ്ദേഹം പറയുന്നത് ലേഖനം പ്രസിദ്ധീകരി ച്ച സമയത്തെ എഡിറ്റര്‍ ഇേപ്പോള്‍ വീക്കിനൊപ്പമില്ല. അതെഴുതിയ ആളുമില്ല. കേസ് നടത്തുക വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് അതവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്നാണ്. ഇന്ത്യയിലെ ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുള്ള ഈ പ്രതികരണത്തെ താങ്കള്‍ എങ്ങനെയാണ് കാണുന്നത് ?

ഈ സ്റ്റോറി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇതിനായി ഒരു സ്റ്റോറി ഡയറക്ടറെ ചുമതലപ്പടുത്തിയിരുന്നു. ലുക്കോസ്മാത്യുവിനായിരുന്നു ആ ചുമതല. എല്ലാ രേഖകളും അദ്ദേഹം ആവശ്യപ്പെട്ടു. 800 ലധികം രേഖകള്‍ എന്റെ സ്റ്റോറിയെ സാധൂകരിക്കുന്നതിനായി ഞാന്‍ സമര്‍ പ്പിച്ചു. അതില്‍ വി ഡി സവര്‍ക്കര്‍ ബ്രീട്ടീഷ് സര്‍ക്കാരിന് നല്‍കിയ മാപ്പ് അപേക്ഷകള്‍ ഉണ്ടായിരുന്നു. അയാള്‍ അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി ലിന്‍ലിത്ഗോയുമായി ഒപ്പുവെച്ച കരാറുണ്ടായിരുന്നു. അതില്‍ അദ്ദേഹം എഴുതിയ കാര്യങ്ങള്‍ ഞാന്‍ പറയാം. ബ്രിട്ടീഷ് സര്‍ക്കാരിന്റെയും ഹിന്ദു മഹാസഭയുടെയും പൊതു ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് ഞാന്‍ എന്റെ ഇനിയുള്ള കാലത്തെ ജീവിതം കോണ്‍ഗ്രസിനെയും മുസ്ലീങ്ങളെയും എതിര്‍ക്കുന്നതിന് വേണ്ടി നീക്കിവെയ്ക്കും എന്നായിരുന്നു അതില്‍ സവര്‍ക്കര്‍ പറഞ്ഞത്.

1924 ന് ശേഷം സവര്‍ക്കര്‍ക്ക് ബ്രീട്ടീഷ് സര്‍ക്കാരില്‍നിന്ന് പെന്‍ഷനും കിട്ടി തുടങ്ങി. അറുപതു രൂപയായിരുന്നു അദ്ദേഹത്തിന് ബ്രീട്ടീഷ് സര്‍ക്കാര്‍ നല്‍കിയ പെന്‍ഷന്‍. അക്കാലത്ത് 10 ഗ്രാം സ്വര്‍ണത്തിന് 18 രൂപയായിരുന്നു വില എന്ന കാര്യം കൂടി ഓര്‍ക്കണം. അദ്ദേഹം ചെയ്ത സേവനങ്ങള്‍ക്കായിരുന്നു ആ പെന്‍ഷന്‍. എന്തായിരുന്നു ആ സേവനങ്ങള്‍ എന്നത് അദ്ദേഹത്തിന് മാത്രമേ അറിയാമായിരുന്നുള്ളൂ. ഇത്തരത്തില്‍ സവര്‍ക്കറും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുള്ള സഹകരണത്തിന്റെ എല്ലാ രേഖകളുമാണ് സമര്‍പ്പിക്കപ്പട്ടത്. സവര്‍ക്കര്‍ ഹിന്ദു മഹാസഭയ്ക്കു വേണ്ടി മിലിട്ടറി റിക്രുട്ട്‌മെന്റ് ബോര്‍ഡ് ഉണ്ടാക്കിയതും അയാളുടെ സഹോദരനെ സെന്‍ട്രല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗമാക്കി ബ്രിട്ടീഷുകാര്‍ നിയമിച്ചതും അതിന് വൈസ്രോയിക്ക് നന്ദി പറഞ്ഞുകൊണ്ട് വൈസ്രോയിക്ക് അദ്ദേഹം അയച്ച ടെലഗ്രാമും ഒക്കെ ആ ലേഖനത്തിന്റെ ഭാഗമായി സമര്‍പ്പിക്കപ്പെട്ടിരുന്നു. 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭയുടെ എല്ലാ ജില്ലാ കേന്ദ്രങ്ങള്‍ക്കും സവര്‍ക്കര്‍ അയച്ച കത്തും ഇതോടൊ പ്പമുണ്ടായിരുന്നു. ഈ രേഖകളൊക്കെ ദി വീക്കിന്റെപക്കല്‍ ഇപ്പോഴുമുണ്ട്.

അത് പ്രസിദ്ധീകരിച്ചപ്പോഴത്തെ എഡിറ്റര്‍ സ്ഥാപനം വിട്ടുപോയിരിക്കാം. ടി ആര്‍ ഗോപാലകൃഷ്ണന്‍ വിരമിച്ചു. ഞാന്‍ സ്ഥാപനം വിട്ടു. പക്ഷെ സ്റ്റോറിക്ക് ആധാരമായ തെളിവുകള്‍ അവരുടെ പക്കലുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ കേസ് നടത്തുന്നതിന് എന്താണ് ബുദ്ധിമുട്ട് ? . അഭിഭാഷകനാണല്ലോ കോടതിയില്‍ ഹാജരാകേണ്ടത്. അതിനുമപ്പുറം സ്റ്റോറി എഴുതിയ ആളെന്ന് നിലയില്‍ ഞാന്‍ കോടതിയില്‍ ഫൈറ്റ് ചെയ്യാന്‍ തയ്യാറുമാണ്.ഞാന്‍ മുന്നോട്ടുതന്നെ പോകും ഇതേ സവര്‍ക്കറിനെയാണ് മനോരമ ആദരവോടെ കാണുന്നുവെന്ന് പറയുന്നത്. അതെ അതെ. ഞാന്‍ കണ്ടെടുത്ത രേഖകളില്‍ സവര്‍ക്കര്‍ അയച്ച മാപ്പപേക്ഷയില്‍ ഒന്ന് അവസാനിക്കുന്നത് ഞാന്‍ നിങ്ങളുടെ ഏറ്റവും അനുസരണയുള്ള പൗരനായി തുടരും എന്നാണ്.

സാദ്ധ്യമായ രീതിയിലെല്ലാം അദ്ദേഹം ബ്രിട്ടീഷുകാരുമായി സഹകരിച്ചു. പഞ്ചാബിലെ സര്‍ദാര്‍ താരാസിങ്ങിനെഴുതിയ ക ത്തില്‍ സവര്‍ക്കര്‍ ആവശ്യപ്പെടുന്നത് പഞ്ചാബിനെ ഒരു സ്വതന്ത്ര സിഖിസ്ഥാന്‍ ആയി പ്രഖ്യാപിക്കാന്‍ തയ്യാറാകണമെന്നതാണ്. മറ്റൊരു കത്ത് എഴുതിയത് തിരുവിതാംകൂര്‍ ദിവാന്‍ രാമസ്വാമി അയ്യര്‍ക്കായിരുന്നു. സ്വതന്ത്ര തിരുവിതാംകൂറിനെ ഹിന്ദു രാജ്യമായി പ്രഖ്യാപിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ആ കത്ത്. യഥാര്‍ത്ഥത്തില്‍ വീക്ക് അവരുടെ ഇംഗ്ലീഷിലെ സെപല്ലിങ് തിരുത്തണം. WEAK എന്നാക്കണം. സവര്‍ക്കറിനോട് ആദരവാണെ
ങ്കില്‍ ദി വീക്കിന്റെയും മനോരമയുടെയും ഓഫീസില്‍ അയാളുടെ പ്രതിമ വെയ്ക്കട്ടെ!

  • തങ്ങള്‍ ഇത്തരത്തില്‍ മാപ്പു പറയാന്‍ പോകുകയാണെന്ന കാര്യം താങ്കളെ അറിയിച്ചിരുന്നോ ?

ഇല്ല. അത്തര ത്തിലൊരു കാര്യവും പറഞ്ഞിട്ടില്ല. മറ്റൊരുകാര്യം അവര്‍ പറയുന്നത് സ്റ്റോറി പ്രസിദ്ധീകരി ച്ച സമയത്തെ പത്രാധിപരും ലേഖകനും സ്ഥാപനം വിട്ടുവെന്നതാണല്ലോ മാപ്പ് പറയുന്നതിന് കാരണമായി ദി വീക്ക് പറയുന്നത്. അങ്ങനെയെങ്കില്‍ അക്കാലത്ത് കിട്ടിയ പുരസ്‌ക്കാരങ്ങളൊക്കെ അവര്‍ വേണ്ടെന്നു വെക്കുമോ? അത് ചെയ്യില്ലല്ലോ. പ്രതികൂലമായ സാഹചര്യംഉണ്ടായപ്പാള്‍ ജേണലിസ്റ്റിനെ കൈയൊഴിയുകയാണ്
ദി വീക്ക് ചെയ്യുന്നത്. എന്നാല്‍ ഞാന്‍ WEAK അല്ല. അതുകൊണ്ട് ഞാന്‍ കേസ് തുടര്‍ന്നുകൊണ്ടു പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. വീക്ക് കൂടെയില്ലെങ്കിലും.

* എങ്ങനെയാണ് വിഡി സവര്‍ക്കറിനെ ക്കുറിച്ച് ഒരു സ്റ്റോറി ചെയ്യാമെന്ന ആലോചനയിലേക്ക് താങ്കള്‍ എത്തുന്നത് ?

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇങ്ങനെയാണ്. അതായാത് 2015 ല്‍ ഞാന് ഒരു സ്റ്റോറി ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയില്‍നിന്ന് വന്നതിന് ശേഷം ഗാന്ധി ഇന്ത്യയില്‍ അങ്ങോളമിങ്ങോളം നടത്തിയ യാത്രയുടെ വാര്‍ഷികത്തിലായിരുന്നു ആ സ്റ്റോറി. ഇ ന്ത്യയെ അറിയാനായിരുന്നു ഗാന്ധിയുടെ യാത്ര. പിന്നീട് നടന്ന പല യാത്രകളും അദ്വാനിയുടെ രഥയാത്രയുള്‍പ്പെടെ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ആയിരുന്നു. ഗാന്ധി സഞ്ചരിച്ച വഴികളിലൂടെ ട്രെയിനില്‍ യാത്രചെയ്തും വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരുമായി സംസാരിച്ചുമായിരുന്നു എന്റെ യാത്ര. 17000 ത്തിലധികം കിലോമീറ്ററാണ് സഞ്ചരിച്ചത്. ഗാന്ധിയെ എങ്ങനെയാണ് ഇന്ത്യ കാണുന്നത് എന്നറിയാനായിരുന്നു യാത്ര. അതിനുശേഷം തയ്യാറാക്കിയ സ്റ്റോറി അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു;

” വിഡി സവര്‍ക്കറിന് ആദരം അര്‍പ്പിക്കുന്നതിന് നരേന്ദ്രമോദിയുടെ മന്ത്രിസഭാ അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കുക യാണ്. (ഗാന്ധിയുടെയും സവര്‍ക്കറിന്റെയും പ്രതിമകള്‍ അങ്ങനെയാണ് സ്ഥാപിച്ചിരുന്നത്.) രാജ്യത്ത രാഷ്ട്രീയ യാഥാര്‍ത്ഥ്യം അതാണ്. നിങ്ങള്‍ക്ക് ഗാന്ധിജിയുടെ പ്രത്യയശാസ്ത്രത്തെ അംഗീകരിക്കണമെങ്കില്‍ സവര്‍ക്കറുടെ ഹിന്ദുത്വ ആശയത്തിനെതിരെ പുറംതിരിഞ്ഞു നില്‍ക്കണം”

അങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു ഗാന്ധിജിയുടെ യാത്രയെക്കുറിച്ചുള്ള സ്റ്റോറി ഞാന്‍ അവസാനിപ്പിച്ചത്. ആ ഘട്ടത്തിലാണ് ഞാന്‍ സവര്‍ക്കറിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തക്കുറിച്ചും അയാളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ചും ഒരു സ്റ്റോറി ചെയ്യണമെന്ന് ആഗ്രഹി ച്ചത്. ആ ഘട്ടത്തില്‍ മറ്റൊന്നുകൂടി സംഭവിച്ചു. അന്ന് എന്‍ഡിഎയുടെ ഭാഗമായിരുന്ന ശിവസേന സവര്‍ക്കറിന് ഭാരത് രത്‌ന നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ സവര്‍ക്കറിന്റെ 50-ാം ചരമവാര്‍ഷികം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ സവര്‍ക്കറിനെക്കുറിച്ച് ഒരു സ്റ്റോറി ചെയ്യുന്നത് സമയോചിതമായിരിക്കുമെന്നും ഞാന്‍ കരുതി.

  • ഇപ്പോള്‍ വീക്ക് മാപ്പ് പറഞ്ഞ സംഭവത്തെ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പൊതുവില്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നതിന്റെ ഭാഗമായി കാണാന്‍ കഴിയുമോ ?

അതെ, തീര്‍ച്ചയായും. യഥാര്‍ത്ഥത്തില്‍ വീക്ക് എന്റെ പല സ്റ്റോറികളും പ്രസിദ്ധീകരിക്കാന്‍ തയ്യാറായിരുന്നില്ല. മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ഒരു സ്റ്റോറി അത്തരത്തിലുള്ളതായിരുന്നു. വ്യാജ ഏറ്റുമുട്ടലില്‍ പങ്കാളികളായ പോലീസുകാര്‍ ആദരിക്കപ്പെട്ടപ്പോഴായിരുന്നു ഞാന്‍ ആ സ്റ്റോറി ചെയ്തത്. അതിനു കൊടുത്ത തലക്കെട്ട് “കില്ലിങ് ഫോര്‍ ഗ്ലോറി” എന്നായിരുന്നു. 1500 വ്യാജ ഏറ്റുമുട്ടലുകളാണ് നടന്നത്. ആ സ്റ്റോറി തയ്യാറാക്കി നല്‍കാന്‍ എനിക്ക് സമയം തന്നു. ഒരു തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കകം സ്റ്റോറി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഞാന്‍ സ്റ്റോറി അയച്ചപ്പോള്‍ 20 മിനിറ്റ് വൈകി. എന്റെ ന്യൂസ് എഡിറ്റര്‍ വിളിച്ചുപറഞ്ഞു, താങ്കള്‍ സ്റ്റോറി അയക്കാന്‍ വൈകി. ഇനി അത് എല്ലാക്കാലവും കോള്‍ഡ് സ്റ്റോറേജില്‍ കിടക്കുമെന്ന്. പതിനഞ്ചു ദിവസത്തിനുശേഷം ഇന്ത്യന്‍ എക്‌സ്പ്രസ് ആ വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. അവര്‍ ഒരു പരമ്പര തന്നെ ചെയ്തു. ആ വാര്‍ത്തകള്‍ തെളിവായി സ്വീകരി ച്ച് സുപ്രീം കോടതി ഒരു കമീഷനെ നിയമിച്ചു. അതുമാത്രമല്ല, എന്നോട് ചെയ്യാന്‍ പറഞ്ഞസ്റ്റോറി പോലും പ്രസിദ്ധീകരിക്കാന്‍ തയ്യാറാവാതിരുന്ന അവസരം പോലുമുണ്ടായിട്ടുണ്ട്. ഗുജറാത്തിലെ കന്നുകാലി വ്യാപാരവും പശു സംരക്ഷകരെക്കുറിച്ചുമുള്ള സ്റ്റോറിയായിരുന്നു അത്. ഞാന്‍ ഒരു കന്നുകാലി വ്യാപാരിയായി വേഷം മാറിയായിരുന്നു അവിടെ പോയത്. വലിയ റിസ്‌ക് എടുത്ത് ചെയ്ത സ്റ്റോറിയായിരുന്നു. ഒരു കാരണവും പറയാതെയായിരുന്നു ആ വാര്‍ ത്തയും പ്രസിദ്ധീകരിക്കാതെ പിടിച്ചുവെച്ചത്.

  • ജഡ്ജി ലോയയുടെ മരണവുമായി ബന്ധെപ്പെട്ട് താങ്കള്‍ തയ്യാറാക്കിയ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് താങ്കള്‍ ദി വീക്കില്‍ നിന്ന് രാജി
    വെയ്ക്കുന്നത്. പിന്നീട് എങ്ങനെയാണ് കാരവനില്‍ ആ സ്റ്റോറി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. അതിനുമുമ്പ് മറ്റെതെങ്കിലും പ്രസിദ്ധീകരണവുമായി താങ്കള്‍ ബന്ധപ്പട്ടിരുന്നോ ?

    അതെ. ബന്ധപ്പെട്ടിരുന്നു. 2017 ഒക്ടോബറിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് ദി വീക്ക് മാനേജ്‌മെന്റ് അറിയിക്കുന്നത്. അതില്‍ വാര്‍ത്തയില്ലെന്നായിരുന്നു ഫിലിപ്പ് മാത്യു റിജീയണല്‍ മീറ്റിംങിനിടെ പറഞ്ഞത്. അപ്പാള്‍ത്തന്നെ ഞാന്‍ രാജിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. നവംബറില്‍ രാജിവെച്ചു. ഇന്ത്യയിലെ പല പ്രസിദ്ധീകരണങ്ങളുമായി ആ വാര്‍ത്ത പ്രസിദ്ധീകരിക്കാമോ എന്ന് ചോദിച്ച് ബന്ധപ്പെട്ടിരുന്നു. ദി ഹിന്ദു, ഫ്രണ്ട്‌ലൈന്‍, സ്‌ക്രോള്‍, ദി വയര്‍, ദി ക്വിന്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ടു. പരഞ്‌ജോയ് ഗുഹ താക്കൂര്‍ പോലുളള എഡിറ്റര്‍മാരുമായും
    ബന്ധെപ്പെട്ടു. ഇതില്‍ ദി വയറിലെ സിദ്ധാര്‍ത്ഥ് ഒഴികെ ആരും പ്രതികരിച്ചുപോലുമില്ല. അന്ന് ദി വൈര്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുമായി ബന്ധപ്പട്ട് സ്റ്റോറി പ്രസിദ്ധീകരിച്ചതിനു ശേഷം നിയമനടപടികള്‍ നേരിടുകയായിരുന്നു. വീണ്ടും ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ കരുതിക്കൂട്ടി ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന തോന്നല്‍ ഉണ്ടാകുമെന്നും അതുകൊണ്ട് മറ്റാരെങ്കിലും ലോയയുടെ മരണവുമായി ബന്ധെപ്പെട്ട വാര്‍ത്ത
    പുറത്തു വിട്ടാല്‍ അനുബന്ധവാര്‍ത്തകള്‍ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.പിന്നീടാണ് കാരവന്റെ എഡിറ്റര്‍ വിനോദ് കെ. ജോസിനെയും അവരുടെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ഹര്‍തോഷ് സിംഗ് ബാലിനെയും ബന്ധപ്പെടുന്നത്. വാര്‍ത്തയെക്കുറി ച്ച് അറിഞ്ഞപ്പോള്‍ത്തന്നെവിനോദ് എന്നോട് ഡല്‍ഹിയിലേക്ക് വരാന്‍ ആവശ്യെപ്പെടുകയും ഞങ്ങള്‍ ചര്‍ച്ച നടത്തി, അ
    വര്‍ അതുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഒരു ടീമിനെ നിയോഗിക്കുകയുംചെയ്തു. ദി വൈര്‍ മാത്രം അതുമായി ബന്ധെപ്പട്ട ഫോളോഅപ്പ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ലോയ സ്റ്റോറി പ്രസിദ്ധീകരിച്ചതിനു ശേഷം താങ്കള്‍ക്ക് ജോലി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിഎന്നൊരു വാര്‍ത്ത കണ്ടിരുന്നു. ഇത്രവലിയ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു ശേഷം എന്താണ് സംഭവിച്ചത് ?
തുറന്നുപറഞ്ഞാല്‍ എനിക്ക് ഇപ്പോഴും ഒരു മുഴുസമയജോലി പോയിട്ട് പാര്‍ടൈം പണി പോലുമില്ല. നാല് വര്‍ഷമായി. ഞാന്‍ പല പത്രാധിപന്മാരുമായും ബന്ധെപ്പെട്ടു. വളരെ പ്രമുഖരായ പത്രാധിപന്മാര്‍ എനിക്ക് ജോലി കൊടുക്കണമെന്ന് അവരുടെ മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ മാനേജ്‌മെന്റുകള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. രാഷ്ട്രീയ നേതൃത്വങ്ങളില്‍നിന്ന് മാനേജ്‌മെന്റുകള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടായിക്കാണും.

  • ഇന്ത്യയിലെ മാധ്യമപ്രവര്‍ ത്തന രീതികളുടെ സമകാലിക അവസ്ഥയെക്കുറിച്ച് താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത് ?

ഞാന്‍ ഒരു ഉദാഹരണംപറയാം. 2011 മുതലുളള 10 വര്‍ഷം എടു ത്താല്‍ ഇന്ത്യയില്‍ രണ്ടു വലിയ പ്രക്ഷോഭങ്ങള്‍ നടന്നു. ഒന്ന് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരം. ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍. ദിവസവും 25000 ലധികം ആളുകള്‍ അതില്‍ പങ്കെടുത്തു. എല്ലാ മുഖ്യധാര മാധ്യമങ്ങളും വലിയ കവറേജാണ് സമരത്തിനു നല്‍കിയത്. ചാനലുകള്‍ 24 മണിക്കുറും അതിനായി നീക്കിവെച്ചു. ഇേപ്പോള്‍ മറ്റൊരു വലിയ സമരം നടക്കുന്നു. അണ്ണാ ഹസാരെയുടെ സമരത്തേക്കാള്‍ വലുത്. കര്‍ഷക സമരം. ലക്ഷങ്ങളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 150 ദിവസത്തിലേറെയായി സമരം നടക്കുന്നു. ദേശീയ തലസ്ഥാനത്താണ് സമരം.എന്നാല്‍ മുഖ്യധാര മാധ്യമങ്ങളില്‍ അതേക്കുറി ച്ചുളള വാര്‍ത്തപോലുമില്ല. മുഖ്യധാര മാധ്യമങ്ങള്‍ പൂര്‍ണമായി കീഴടങ്ങിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഇത്.
ജഡ്ജി ലോയയുടെ മരണവുമായി ബന്ധെപ്പെട്ട് വാര്‍ത്തയും ഒരു മുഖ്യധാരാ മാധ്യമങ്ങളും ചെയ്തില്ല. എന്‍ഡിടിവി ഹിന്ദിയില്‍ രവീഷ് കുമാര്‍ രണ്ടോ മുന്നോ ഷോ ചെയ്തുവെന്ന് മാത്രം. ബാക്കി ആരും ഒന്നും ചെയ്തില്ല. മുഖ്യധാര മാധ്യമങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കും അറിയാവുന്നതാണ്. യഥാര്‍ത്ഥ വിഷയങ്ങളില്‍ കേന്ദ്രീകരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല.

  • പൗരസമൂഹത്തിന്റെ പങ്ക് എന്താണ്

ഇതിലും എനിക്ക് ചില അഭിപ്രായമുണ്ട്. നിര്‍ഭയയെ അര്‍ദ്ധരാത്രി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയപ്പോള്‍ ക്രിമിനലുകള്‍ക്കെതിരെ വലിയ പ്രതിഷേധമുണ്ടായി. കാരണം ആരാണ് പ്രതികള്‍ എന്ന് പൗരസമൂഹത്തിന് അറിയാം. ക്രിമിനലുകള്‍ മാത്രമാണ് അത് ചെയ്തത്. അതുകൊണ്ട് മെഴുകുതിരി കത്തിച്ചും മറ്റും പ്രതിഷേധമുണ്ടാക്കാം എന്നാല്‍ ജഡ്ജി ലോയയുടെ മരണവുമായി ബന്ധെപ്പെട്ട് അത്തര ത്തിലുള്ള പ്രതിഷേധത്തിനൊന്നും പൗരസമൂഹം തയ്യാറാവില്ല. അവിടെ കുറ്റാരോപിതര്‍ വലിയ രാഷ്ട്രീയ ശക്തികളാണ്. അതാണ് കാരണം. പൗരസമൂഹത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ്. മുഖ്യധാര മാധ്യമങ്ങളും അതുതന്നെ ചെയ്യുന്നു. ഇപ്പോള്‍ തന്നെ നോക്കു. മഹാമാരിയെ നേരിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. പ്രതിരോധമരുന്നില്ല, ഓക്‌സിജന്‍ സിലിണ്ടറില്ല. മരിച്ചവരെ അടക്കാന്‍ ശ്മശാനങ്ങള്‍ പോലുമില്ല. പക്ഷെ സര്‍ക്കാറിനെ ചോദ്യം ചെയ്യാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല. പോസിറ്റീവിറ്റി പ്രചരിപ്പിക്കാനാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പറയുന്നത്. ഇത്രയും വലിയ മഹാമാരിയുടെ കാലത്ത് എങ്ങനെയാണ് അതിന് കഴിയുക. സാമ്പത്തിക സ്ഥിതിയും തൊഴിലില്ലായ്മയും രൂക്ഷം. ഇതൊന്നും മുഖ്യധാരാ മാധ്യമങ്ങള്‍ പരിഗണിക്കുന്നില്ല. ഈ ഘട്ടത്തില്‍ ബദല്‍ മാധ്യമങ്ങളായി ഉയര്‍ന്നുവരേണ്ടത് വെബ്‌പോര്‍ട്ടലുകളാണ്. ജേണലിസത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് അവരാണ്.

Read more

വീഡിയോ അഭിമുഖം കാണാം…