കബളിപ്പിച്ച് വാങ്ങിയ ക്ഷേമപെന്‍ഷന്‍ തിരിച്ചുപിടിക്കാന്‍ നിര്‍ദേശം

Advertisement

മരിച്ചവരുടെ പേരില്‍ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ അനന്തരാവകാശികളെ കണ്ടെത്തി അവരില്‍നിന്ന് പണം തിരിച്ചുപിടിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളോട് ധനവകുപ്പ് ആവശ്യപ്പെട്ടു. പുനര്‍വിവാഹം ചെയ്തിട്ടും വിധവാ പെന്‍ഷന്‍ കൈപ്പറ്റിയവരില്‍നിന്നും പണം തിരികെ പിടിക്കണം.

അനര്‍ഹര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടി. വര്‍ഷംതോറും പെന്‍ഷന്‍കാരുടെ എണ്ണം വന്‍തോതില്‍ കൂടുന്നത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. അനര്‍ഹരെ ഒഴിവാക്കി ശേഷിക്കുന്നവര്‍ക്ക് പെന്‍ഷന്‍ വര്‍ധിപ്പിക്കാനാണ് ധനവകുപ്പിന്റെ നീക്കം. പെന്‍ഷന്‍ പട്ടിക ശുചീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒമ്പതുമാസമായി പുതിയ അപേക്ഷകള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുമില്ല.

അനര്‍ഹര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ജില്ലാതല ധനകാര്യ സ്‌ക്വാഡുകള്‍ പരിശോധന നടത്തിയിരുന്നു. മരിച്ചവരുടെ പേരില്‍ ബന്ധുക്കളും പുനര്‍വിവാഹിതര്‍ വിധവാ പെന്‍ഷനും വാങ്ങുന്നുവെന്ന് സംഘങ്ങള്‍ റിപ്പോര്‍ട്ട് നല്‍കി. സാമ്പിള്‍ സര്‍വേയാണ് നടന്നതെങ്കിലും കുറഞ്ഞത് നാലുലക്ഷം പേരെങ്കിലും അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. 54 ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ വിവിധ ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നത്.

സര്‍ക്കാരിനെ കബളിപ്പിച്ച് ആരെങ്കിലും തുടര്‍ന്നും പെന്‍ഷന്‍ വാങ്ങുന്നുവെങ്കില്‍ അത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ വ്യക്തിപരമായ ബാധ്യതയായി കണക്കാക്കുമെന്നും ഉത്തരവില്‍ പറയുന്നു.