ഷോട്ടിനിടെ മോശമായി സ്പര്‍ശിച്ചു, നിര്‍മ്മാതാവിനോട് പരാതിപ്പെട്ടിരുന്നു: സിദ്ധാര്‍ഥ് ശുക്ലക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി

ടെലിവിഷന്‍ താരം സിദ്ധാര്‍ഥ് ശുക്ലക്കെതിരെ ആരോപണവുമായി നടി ശീതല്‍ ഖണ്ഡാല്‍. “ബാലികാ വധു” എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ സിദ്ധാര്‍ഥ് തന്നോട് വളരെ മോശമായാണ് പെരുമാറിയത് എന്നായിരുന്നു ശീതലിന്റെ ആരോപണം.

ബാലികാ വധുവിന്റെ സെറ്റില്‍ വച്ച് തന്നോട് വളരെ മോശമായ തമാശകള്‍ പറയുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും ചെയ്തിരുന്നതായി ശീതല്‍ പറയുന്നു. ആളുകള്‍ ഇതിനെ “”ലൈംഗീകാതിക്രമം”” എന്ന് പറയുന്നുണ്ട്, എന്നാല്‍ താന്‍ അങ്ങനെയല്ല പറഞ്ഞതെന്നും ശീതല്‍ പറയുന്നു.

“”സിദ്ധാര്‍ഥ് എപ്പോഴും പ്രണയബന്ധങ്ങളെ കുറിച്ച് സംസാരിക്കും. വൃത്തികെട്ട കമന്റുകള്‍ പറഞ്ഞ് എല്ലാവരുടെയും മുന്നില്‍ വച്ച് കളിയാക്കും. എനിക്ക് അത് ഇഷ്ടമല്ലെന്ന് പറഞ്ഞിരുന്നു. ഒരു ഷോട്ടിനിടെ എന്റെ കാലില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചു. അതോടെ ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടന്ന് സെറ്റിലുള്ളവര്‍ പറയാന്‍ തുടങ്ങി. ഇതിനെ കുറിച്ച് നിര്‍മ്മാതാവിനോട് പരാതി പറഞ്ഞിരുന്നു. ഇപ്പോള്‍ വെളിപ്പെടുത്തിയത് പബ്ലിസിറ്റിക്ക് വേണ്ടി അല്ല”” എന്നും ശീതല്‍ വ്യക്തമാക്കി.