എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഭരണഘടന മാറ്റാമെന്നത് ബിജെപി നേതാക്കളുടെ സ്വപ്‌നം മാത്രമാണെന്നും ആര്‍ക്കും അതില്‍ തൊടാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി. ഭരണഘടന ഇന്ത്യയിലെ പാവപ്പെട്ടവരുടെ ആത്മാവാണ്. ആര്‍ക്കും അതില്‍ തൊടാന്‍ കഴിയില്ല. അത് മാറ്റാന്‍ ലോകത്ത് ഒരു ശക്തിക്കുമാവില്ലെന്നും രാഹുല്‍ പറഞ്ഞു.

ബാബാ സാഹേബ് അംബേദ്കറും കോണ്‍ഗ്രസും ജനങ്ങളും ചേര്‍ന്ന് ബ്രിട്ടീഷുകാരോട് പോരാടിയാണ് ഭരണഘടന ഉണ്ടാക്കിയത്. അത് ജനങ്ങളുടെ ശബ്ദമായി. അത് ഒരിക്കലും ഇല്ലാതാക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ ഭിന്ദില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഇപ്പോള്‍ അവര്‍ പറയുന്നത് സംവരണത്തിന് എതിരല്ലെന്നാണ്. പിന്നെ എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്. എന്തിനാണ് അഗ്നിവീര്‍ കൊണ്ടുവന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. അതേസമയം എന്‍ഡിഎ സര്‍ക്കാര്‍ ഭരണഘടനയില്‍ മാറ്റം കൊണ്ടുവരില്ലെന്നായിരുന്നു അമിത്ഷായുടെ പ്രസ്താവന. പ്രതിപക്ഷം ഭയപ്പാടോടെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത്ഷാ പറഞ്ഞു.