കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കം വിവാദമായതിന് പിന്നാലെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍. ഇന്ന് ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യോഗത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ പ്രമേയം പാസാക്കി.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് കൗണ്‍സില്‍ പാസാക്കിയത്. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച യോഗത്തില്‍ ബിജെപി അംഗം അനില്‍ കുമാറാണ് ആര്യ രാജേന്ദ്രന്റെ റോഡിലെ തര്‍ക്കത്തെ തുടര്‍ന്നുള്ള വിവാദം ചര്‍ച്ചയാക്കിയത്. ഇതേ തുടര്‍ന്ന് സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. മേയര്‍ തലസ്ഥാനത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു. കോണ്‍ഗ്രസ് അംഗങ്ങളും മേയര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. സിപിഎം പ്രമേയം അവതരിപ്പിക്കുന്നതിനിടെ ബിജെപി കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു.

അതേസമയം പ്രതിപക്ഷ അംഗങ്ങള്‍ നിജസ്ഥിതി അറിയാന്‍ ഫോണ്‍ കോള്‍ പോലും ചെയ്തില്ലെന്ന് മേയര്‍ കുറ്റപ്പെടുത്തി. ആര്യയുടെ ആരോപണത്തിന് മേയര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്ന് പ്രതിപക്ഷം മറുപടി നല്‍കി.