ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉയര്‍ന്ന ആരോപണങ്ങളില്‍ വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍. ദല്ലാള്‍ നന്ദകുമാര്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ഇപി ജയരാജന്റെ വക്കീല്‍ നോട്ടീസ്. ജയരാജന്‍ ബിജെപി പ്രവേശനത്തിനായി പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നതായിരുന്നു ആരോപണം.

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ ഉടന്‍ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്. വസ്തുത വിരുദ്ധമായ പ്രസ്താവനകളിലൂടെ ഇപിയെ കൂടാതെ പാര്‍ട്ടിയെയും നേതാക്കളെയും അധിക്ഷേപിച്ചെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

Read more

ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ച് ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിനൊപ്പം തന്നെ വന്നുകണ്ടുവെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ വാദം. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടത്തിയ വെളിപ്പെടുത്തലിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും നോട്ടീസില്‍ പറയുന്നു.