ചാന്ദ്രദൗത്യം തട്ടിപ്പ്, മനുഷ്യരാരും ചന്ദ്രനില്‍ പോയിട്ടില്ല.. വിമര്‍ശകര്‍ എന്നെ ഭ്രാന്തി എന്ന് വിളിക്കും, പക്ഷെ തെളിവുണ്ട്: കിം കദാര്‍ഷിയന്‍

1969ലെ ചാന്ദ്ര ദൗത്യം തട്ടിപ്പ് ആണെന്ന് അമേരിക്കന്‍ റിയാലിറ്റി ഷോ താരവും മോഡലുമായ കിം കദാര്‍ഷിയന്‍. ചന്ദ്രനില്‍ മനുഷ്യര്‍ ആരും പോയിട്ടില്ല എന്നാണ് കിം കദാര്‍ഷിയന്‍ അവകാശപ്പെടുന്നത്. മനുഷ്യരാശിയുടെ മഹത്തായ നേട്ടമായ ചാന്ദ്ര ദൗത്യത്തെ കുറിച്ച് സംശയം ഉന്നയിച്ചതോടെ വിഷയത്തില്‍ നാസ ഉദ്യോഗസ്ഥര്‍ പ്രതികരിക്കുകയും ചാന്ദ്ര ദൗത്യങ്ങളുടെ ആധികാരികത ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്തു.

പറക്കുന്ന പതാക, പൊരുത്തമില്ലാത്ത കാല്‍പ്പാടുകള്‍, നക്ഷത്രങ്ങളുടെ അഭാവം എന്നിവയാണ് ദൗത്യം വ്യാജമായിരുന്നു എന്ന് വിശ്വസിക്കാന്‍ തന്നെ പ്രേരിപ്പിച്ച കാരണങ്ങള്‍ എന്നാണ് കിം നടന്‍ സാറാ പോള്‍സണുമായുള്ള സംഭാഷണത്തിനിടെ പറഞ്ഞത്. തന്നെ വിമര്‍ശിക്കുന്നവര്‍ ടിക് ടോക്കില്‍ പോയി സ്വന്തമായി കണ്ടറിയുക എന്നും താരം പറയുന്നുണ്ട്. ഹുളു എന്ന പ്ലാറ്റ്‌ഫോമിലാണ് ഈ അഭിമുഖം സ്ട്രീം ചെയ്യുന്നത്.

”ബസ്സ് ആല്‍ഡ്രിനെയും നീല്‍ ആംസ്‌ട്രോങ്ങിനെയും കുറിച്ചുള്ള ദശലക്ഷക്കണക്കിന് ലേഖനങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് അയക്കുന്നുണ്ട്. നമ്മള്‍ ചന്ദ്രനില്‍ പോയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതൊരു തട്ടിപ്പായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. എന്ത് തന്നെയായാലും വിമര്‍ശകര്‍ എന്നെ ഭ്രാന്തി എന്ന് വിളിക്കും. പക്ഷേ, നിങ്ങള്‍ ടിക് ടോക്കില്‍ പോയി നോക്കൂ. സ്വയം കണ്ടു മനസിലാക്കൂ” എന്നാണ് കിം പറയുന്നത്.

നടിയുടെ വാദങ്ങള്‍ കേട്ട് ആശ്ചര്യപ്പെട്ട അവതാരകനായ പോള്‍സണ്‍, തെളിവുകള്‍ പങ്കുവെക്കാന്‍ കിമ്മിനോട് ആവശ്യപ്പെടുന്നുണ്ട്. ഓണ്‍ലൈനില്‍ കണ്ട വീഡിയോകളെ അടിസ്ഥാനമാക്കിയാണ് മറുപടി പറഞ്ഞത് എന്നാണ് കിം പറയുന്നത്. ‘ഒരു പെണ്‍കുട്ടി ആല്‍ഡ്രിനോട് ചോദിക്കുന്നു, ‘ഏറ്റവും ഭയപ്പെടുത്തിയ നിമിഷം ഏതായിരുന്നു?’ എന്ന്.

അതിന് അദ്ദേഹം നല്‍കിയ മറുപടി, ‘ഭയപ്പെടുത്തുന്ന നിമിഷങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല, കാരണം അത് സംഭവിച്ചിട്ടില്ല’ എന്നാണ്. അദ്ദേഹത്തിന് ഇപ്പോള്‍ പ്രായമായതുകൊണ്ട്, അദ്ദേഹത്തിന്റെ വായില്‍ നിന്ന് അറിയാതെ വന്നുപോയതാണ്. അതുകൊണ്ട് അന്നത്തെ ചാന്ദ്രദൗത്യം സംഭവിച്ചിട്ടില്ലെന്ന് ഞാന്‍ കരുതുന്നു’ എന്നാണ് കിം കര്‍ദാഷിയാന്‍ പറയുന്നത്.

Read more

ഇതോടെ കിം കദാര്‍ഷിയന്റെ സംശയങ്ങള്‍ക്ക് മറുപടിയുമായി നാസയുടെ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റര്‍ ഷോണ്‍ ഡഫി തന്നെ രംഗത്തെത്തി. ആറ് തവണ മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടെന്ന് അദ്ദേഹം കിം കര്‍ദാഷിയാനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് എക്‌സില്‍ കുറിച്ചു. മനുഷ്യരെ വീണ്ടും ചന്ദ്രോപരിതലത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്ന നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.