ദളപതിയുടെ 63ാം ചിത്രം, തീരന്‍ സംവിധായകനൊപ്പം?

ദളപതിയുടെ 63ാമത് ചിത്രം തീരന്‍ അധികാരം ഒണ്‍ട്രിന്റെ സംവിധായകനായ വിനോദിനൊപ്പമെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ വിജയും വിനോദും കൂടിക്കാഴ്ച്ച നടത്തിയെന്നും ഇതു പുതിയ സിനിമ സംബന്ധിച്ചുള്ളതാണെന്നും നടന്‍ വിജയോടടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. അടുത്ത ചിത്രം ഒരുമിച്ച് ചെയ്യുന്നതിനെപ്പറ്റിയാണ് ഇരുവരും സംസാരിച്ചത്.

തീരന്‍ കണ്ട വിജയ്ക്ക് വിനോദിന്റെ സംവിധാനത്തെപ്പറ്റി വളരെ നല്ല അഭിപ്രായമാണുള്ളത്. മുരുകദോസുമായി ചേര്‍ന്നുള്ള പ്രോജക്ടിനു ശേഷം വിനോദ് ചിത്രത്തില്‍ ജോയിന്‍ ചെയ്യാനാണ് സാധ്യത. ഈ രണ്ടു ചിത്രങ്ങള്‍ക്കും ശേഷമായിരിക്കും അറ്റ്ലിയുടെ സംവിധാനത്തിലൊരുങ്ങുന്ന വിജയ് ചിത്രമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം നടന്‍ സൂര്യയെ നായകനാക്കിയ ഒരു ചിത്രവും വിനോദ് പ്ലാന്‍ ചെയ്യുന്നുണ്ട്. ദളപതിയുടെ 62ാം ചിത്രത്തിന്റെ സംവിധായകന്‍ ഏ ആര്‍ മുരുകദോസാണ്. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇരുവരുമൊന്നിക്കുന്ന മൂന്നാം സംരംഭമാണിത്. ദീപാവലി റിലീസായി ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് തീരുമാനം. കീര്‍ത്തി സുരേഷാണ് വിജയുടെ നായികയായെത്തുന്നത്. ഏ ആര്‍ റഹ്മാന്റേതാണ് സംഗീതം. മെര്‍സല്‍ പോലെ തന്നെ ഒരു ഗംഭീര വിജയമാണ് ഈ ചിത്രത്തിലും ദളപതി പ്രതീക്ഷിക്കുന്നത്.