സിനിമാ നിരൂപകര്‍ക്ക് വിലങ്ങിടാന്‍ തമിഴ്‌നാട്ടിലെ നിര്‍മ്മാതാക്കള്‍; ഇനി സിനിമകളെ വിമര്‍ശിച്ചാല്‍ ചടങ്ങുകളില്‍ നിന്ന് വിലക്കും നിയമനടപടിയും

സിനിമകളെ വിമര്‍ശിക്കുന്ന നിരൂപകര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പുതിയ തീരുമാനങ്ങളുമായി തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍. സിനിമകളെ തകര്‍ക്കുന്ന തരത്തില്‍ നിരൂപണങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് നിലവിലെ തീരുമാനം.

സിനിമകളെയും സംവിധായകരെയും അഭിനേതാക്കളെയും വിമര്‍ശിക്കുന്ന നിരൂപകരെ സിനിമാസംബന്ധിയായ പരിപാടികളില്‍ നിന്ന് വിലക്കാനും അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുമാണ് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെയും സൗത്ത് ഇന്ത്യന്‍ പി.ആര്‍.ഒ യൂണിയന്റെയും സംയുക്ത യോഗത്തിലെടുത്ത തീരുമാനം.
തമിഴ് സിനിമകളെ ഡീഗ്രേഡ് ചെയ്യുന്ന തരത്തില്‍ വിമര്‍ശിച്ചാല്‍ പിന്നീട് അത്തരക്കാരുമായി നിസ്സഹരിക്കുന്ന നിലപാടാണ് കൈക്കൊള്ളുക. അഭിനേതാക്കളൊയോ ഡീഗ്രേഡ് ചെയ്താല്‍ വക്കീല്‍ നോട്ടീസ് അയയ്ക്കും.

പ്രസ് ഷോ, ട്രെയിലര്‍ ലോഞ്ച്, സക്‌സസ് മീറ്റ് മുതലായവയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇനിമുതല്‍ സമ്മാനങ്ങളോ പ്രതിഫലമോ നല്‍കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. രജനീകാന്ത് ചിത്രം ടു പോയിന്റ് ഒ, സൂര്യയുടെ എന്‍ജികെ, വിശാല്‍ ചിത്രം അയോഗ്യ എന്നീ ചിത്രങ്ങള്‍ക്ക് നിരൂപകര്‍ ഉയര്‍ന്ന റേറ്റിംഗ് നല്‍കാതിരുന്നതാണ് നിര്‍മ്മാതാക്കളെ ചൊടിപ്പിച്ചതെന്നാണ് സൂചന.