ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങള്‍ ഒന്നിക്കുന്നു. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടൈയന്‍’ ചിത്രത്തിലാണ് രജനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ചെത്തുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

വേട്ടൈയന്റെ അവസാനഘട്ട ചിത്രീകരണമാണ് നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് ബച്ചന്‍ വേഷമിടുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തിരുവനന്തപുരത്ത് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തില്‍ അന്ധനായാകും താരം വേഷമിടുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണ ദഗുബാട്ടി, ദുഷാര വിജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌ക്കരനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കുന്നത്.

അതേസമയം, 1991ല്‍ പുറത്തിറങ്ങിയ മുകുള്‍ എസ് ആനന്ദ് ചിത്രം ‘ഹം’ എന്ന സിനിമയിലാണ് രജനിയും ബച്ചനും അവസാനം ഒന്നിച്ച് അഭിനയിച്ചത്. ബച്ചന്‍ ടൈഗര്‍ എന്ന കഥാപാത്രത്തെ അവതിരിപ്പിച്ചപ്പോള്‍ ഇന്‍സ്‌പെക്ടര്‍ കുമാര്‍ മല്‍ഹോത്ര എന്ന വേഷത്തിലാണ് രജനി എത്തിയത്. 1991ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായിരുന്നു.