ഗാനമേള അവതരിപ്പിക്കുന്നതിനിടെ ഗായകന്‍ കുഴഞ്ഞു വീണ് മരിച്ചു

ഗാനമേളക്കിടെ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് ഗായകന്‍ ഇടവ ബഷീര്‍ മരിച്ചു. ബ്ലൂ ഡയമണ്ട്‌സിന്റെ സുവര്‍ണ ജുബിലീ ആഘോഷങ്ങള്‍ക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററിലാണ് അന്ത്യം. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാനമേളയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവച്ച കലാകാരനാണ് ഇടവ ബഷീര്‍.സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്.

മ്യൂസിക് കോളേജില്‍ നിന്നും ഗാനഭൂഷണം പൂര്‍ത്തിയാക്കിയ ശേഷം വര്‍ക്കലയില്‍ സംഗീതാലായ എന്ന ഒരു ഗാനമേള ട്രൂപ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. മദ്രാസില്‍ എവിഎം സ്റ്റുഡിയോയില്‍ വച്ച് എസ്.ജാനകിക്കൊപ്പം പാടിയ ‘വീണവായിക്കുമെന്‍ വിരല്‍ത്തുമ്പിലെ..’ എന്ന് തുടങ്ങുന്ന ഗാനമാണ് ബഷീറിന്റെ ആദ്യ ചലച്ചിത്ര ഗാനം.

പിന്നീട് മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമക്ക് വേണ്ടി കെജെ ജോയിയുടെ സംഗീത സംവിധാനത്തില്‍ വാണി ജയറാമുമൊത്ത് പാടിയ ‘ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍..’ എന്ന ഗാനം ഹിറ്റായി.

ഓള്‍ കേരള മ്യുസീഷ്യന്‍സ് ആന്‍ഡ് ടെക്നീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ലൈലയും റഷീദയുമാണ് ബഷീറിന്റെ ഭാര്യമാര്‍. മക്കള്‍: ഭീമ, ഉല്ലാസ്, ഉഷസ്, സ്വീറ്റാ, ഉന്‍മേഷ്.