'ഉണ്ട' - ചമയങ്ങളില്ലാത്ത ഒരു മികച്ച മമ്മൂട്ടി ചിത്രം- മൂവി റിവ്യു

“സ്വാഭാവികമായ നർമ്മ രംഗങ്ങൾ നിറഞ്ഞ രസകരമായ ഒരു കുടുംബ-രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് ഖാലിദ് റഹമാന്റെ മമ്മൂട്ടി ചിത്രമായ “ഉണ്ട” . മൂവി മിൽ – ജമിനി സ്റ്റുഡിയോ ബാനറിൽ കൃഷ്ണൻ സേതു കുമാർ നിർമ്മിച്ച ഈ സിനിമയുടെ ” ഉണ്ട” എന്ന പേര് ചിലപ്പോൾ സംശയമുളവാക്കിയേക്കും. ഗുണ്ടാ – മാഫിയ പടമായിരിക്കുമോ എന്ന്. പക്ഷേ സിനിമ മുഴുവൻ കണ്ടാലേ ഈ പേര് എത്ര അർത്ഥവത്താണെന്നു മനസ്സിലാകൂ.

ഉണ്ട എന്നാൽ ഇവിടെ വെടിയുണ്ടയാണ്. ഉണ്ടയില്ലാത്ത കുറേ തോക്കുകളുമായി മമ്മൂട്ടിയുടെ എസ്.ഐ മണിയുടെ നേതൃത്വത്തിൽ ഛത്തീസ്ഗഡിലെ മാരകമായ വെടിക്കോപ്പുകളും ബോംബുകളുമടക്കം സർവ സന്നാഹങ്ങളുമുള്ള മാവോയിസ്റ്റുകളെ നേരിടാൻ പോകുന്ന യുവാക്കളായ പോലീസ് സംഘത്തിന്റെ പങ്കപ്പാടുകളാണ് സിനിമ. ഉടനീളം നർമ്മത്തിലൂടെയാണെങ്കിലും മമ്മൂട്ടിയുടെ മണിയുടെ അടക്കം മിക്കവരുടെയും കുടുംബ ജീവിത പ്രശ്നങ്ങളും ഹൃദയസ്പർശിയായി തന്നെ പറഞ്ഞു പോകുന്നുണ്ട്. പരിചയമില്ലാത്ത പ്രദേശത്ത് – അതും കൊടുംകാട്ടിൽ ഉണ്ടയില്ലാത്ത കുറേ തോക്കുകളുമായി ആ സംഘം ജീവൻ കയ്യിൽ പിടിച്ചു കഴിയുന്നത് ശ്വാസമടക്കി കണ്ടിരുന്നു പോകും. ഏതു നിമിഷവും എന്തും സംഭവിക്കാം.

ഒന്നു മൂത്രമൊഴിക്കാൻ ഇറങ്ങിയാൽ ജീവനോടെ തിരിച്ചു വരാമെന്ന് ഉറപ്പില്ല – എവിടെയും കുഴിബോംബുകളാണ്. ചുറ്റുമുള്ള കാട്ടിൽ ഏതു വശത്തു നിന്നും എപ്പോൾ വേണമെങ്കിലും ആക്രമണമുണ്ടാകാം. തിരിച്ചു നേരിടാനുള്ളത് ലാത്തി മാത്രം. വെടിവെയ്ക്കാൻ അറിയുന്ന ഒരാളെ സംഘത്തിലുള്ളു. ഷൈൻ ടോം ചാക്കോയുടെ ജോജോ. പക്ഷേ, ഡിവോഴ്സിൽ നിൽക്കുന്ന ഭാര്യയെ കുറിച്ചോർത്താൽ ജോജോയുടെ ഉന്നം തെറ്റും. ആകെയുള്ള വെടിക്കാരന്റെ സ്ഥിതിയാണിത്. ഈ അവസ്ഥയിൽ അഞ്ചു ദിവസം നീണ്ട അഗ്നിപരീക്ഷണങ്ങളെ രസകരമായി അതിജീവിച്ച് മമ്മൂട്ടിയുടെ പോലീസ് സംഘം വോട്ടെടുപ്പിന്റെ ജനാധിപത്യ പ്രക്രിയകൾ സുഗമമാക്കി ദൗത്യം പൂർത്തിയാക്കുന്നതിന്റെ ഹാസ്യാത്മകമായ ചിത്രീകരണമാണ് ഉണ്ട.

താരപ്പകിട്ടില്ലാതെ സാധാരണക്കാരനായി തന്നെ മമ്മൂട്ടി എസ്.ഐ മണിയായി ഭാവം മാറുന്നത് നല്ലൊരു അനുഭവം തന്നെ. ഭാഷയറിയാതെ, ആയുധമില്ലാതെ ,നാട്ടിൽ കുഞ്ഞുകുട്ടി പരാധീനങ്ങളുള്ള കുറേ യുവാക്കളായ പൊലീസുകാരുടെ ഉത്തരവാദിത്വവും പേറി കേരള പൊലീസ് അയക്കാമെന്നു പറഞ്ഞ ഉണ്ടയും കാത്തിരിക്കുന്ന ആ പാവം എസ്.ഐയുടെ ധർമ്മസങ്കടവും ആത്മരോഷവും നിസ്സഹായതയും ഭയവും അതിലേറെ ചെയ്തു പോകുന്ന അബദ്ധങ്ങളും ഒക്കെ മുൻചിത്രങ്ങളിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തമായി അഭിനയിച്ചു ഫലിപ്പിക്കാൻ മമ്മൂട്ടിക്ക് അനായാസം സാധിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ സംഘാംഗങ്ങളായി അർജുൻ അശോകൻ, ജേക്കബ് ട്രിഗറി, റോണി ഡേവിഡ് തുടങ്ങിയവരും ഒപ്പത്തിനൊപ്പമുണ്ട്.

ചെറിയ വേഷങ്ങളിൽ വരുന്ന ആസിഫ് അലിയും വിനയ് ഫോർട്ടും ദിലീഷ് പോത്തനും രൺജിത്തുമൊക്കെ മനസ്സിൽ നിൽക്കും.
ഛത്തീസ്ഗഡിലെ ബസ്തർ പ്രദേശങ്ങളിലെ വനഭംഗിയും മാവോയിസ്റ്റ് ഭീതിയിൽ വെറുങ്ങലിച്ചു നിൽക്കുന്ന ഗ്രാമീണ ജീവിതക്കാഴ്ചകളും ഉള്ളിൽ തങ്ങി നിൽക്കുന്ന രീതിയിലുള്ള സജിത് പുരുഷോത്തമന്റെ ഛായാ ഗ്രഹണമാണ് ഉണ്ടയുടെ കീ ഫാക്ടർ. എഡിറ്റിങ്ങും പ്രശാന്ത് പിള്ളയുടെ സംഗീതവും ശബ്ദസന്നിവേശവും മികവുറ്റതായപ്പോൾ ഉണ്ട നല്ലൊരു ദൃശ്യാനുഭവമായി മാറി.

രസകരമായ ഒരു ആക്ഷേപഹാസ്യ സിനിമ എന്നതിനപ്പുറം ഉണ്ടയ്ക്ക് ചില രാഷ്ട്രീയ തലങ്ങൾ കൂടി ഉള്ളത് കണ്ടേ പറ്റൂ. കഷ്ടപ്പെട്ട് പഠിച്ച് പോലീസ് ഉദ്യോഗസ്ഥനായ ആ ആദിവാസി യുവാവ് കൂട്ടുപോലീസുകാരിൽ നിന്നു നേരിടുന്ന ജാതി അധിക്ഷേപങ്ങൾ ഈ നവോത്ഥാന കേരളം നേരിടുന്ന, എന്നാൽ നാം കണ്ടില്ലെന്നു നടിക്കുന്ന വലിയൊരു സാമൂഹിക പ്രശ്നത്തെ മുമ്പോട്ടു  വെയ്ക്കുന്നു. വോട്ടെടുപ്പ്  കുളമാക്കാൻ വരുന്ന മാവോയിസ്റ്റുകളേക്കാൾ മമ്മുട്ടിയുടെ പൊലീസിനു നേരിടേണ്ടി വരുന്നത് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ പതിവു ബൂത്ത് പിടിക്കലുകാരായ നേതാക്കന്മാരെയാണ് എന്നതും ശ്രദ്ധേയം.

അതുപോലെ പാവപ്പെട്ട കുറേ പൊലീസുകാരെ മാവോയിസ്റ്റ് ഭീഷണിക്കും ഉത്തരേന്ത്യൻ രാഷ്ട്രീയ മാഫിയകൾക്കും മുന്നിലേക്ക് ഉണ്ടയില്ലാ തോക്കും കൊടുത്തു പറഞ്ഞു വിടുന്ന നമ്മുടെ പൊലീസ് ബ്യൂറോക്രസിയുടെ ഉദാസീനതയാണ് മറ്റൊന്ന്. മമ്മൂട്ടി ശാസിച്ചും യാചിച്ചും പറഞ്ഞപ്പോൾ അഞ്ചാം ദിവസമായ വോട്ടെടുപ്പിന്റെ അന്ന് എത്താൻ പാകത്തിന് കേരളാ പൊലീസ് തീവണ്ടിയിൽ കയറ്റി വിട്ട വെടിയുണ്ടകൾ നിറച്ച പെട്ടി ഒടുവിൽ എവിടെ എത്തി എന്നതും അതിൻമേൽ ചാടിക്കളിച്ച് കൊഞ്ഞനം കുത്തുന്ന കുരങ്ങനും മേൽ പറഞ്ഞ രാഷട്രീയ തലത്തിന് ശക്തമായ പ്രതീക ഭംഗി പകരുന്നു. അതിന് – അതിന് പ്രത്യേകിച്ച് സംവിധായകനായ ഖാലിദ് റഹ് മാന് ഒരു ബിഗ് സല്യൂട്ട്.

  യെസ്.കെ