സംവിധായകന്‍ ഗൊദാര്‍ദ് അന്തരിച്ചു

വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ് അന്തരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ ആചാര്യന്മാരില്‍ ഒരാളാണ് ഗൊദാര്‍ദ്. പാരീസില്‍ ജനിച്ചു. തിരക്കഥ രചനയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നത്. പരീക്ഷണാത്മകമായ ആദ്യ കാല ചിത്രങ്ങള്‍ മിക്കവയും കുറ്റകൃത്യങ്ങളിലും സ്ത്രീലൈംഗികതയിലും കേന്ദ്രീകരിച്ചു.

ബ്രെത്ത് ലെസ് ആണ് ആദ്യ ചിത്രം. എ വുമണ്‍ ഈസ് എ വുമണ്‍ (1969) ആണ് ആദ്യ കളര്‍ ചിത്രം. അറുപതുകള്‍ മധ്യത്തോടെ ഗൊദാര്‍ദ് ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്ക് മാറി. ടൂ ഓര്‍ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെര്‍ (1966) ഈ ഘട്ടത്തിലെ മുഖ്യ സൃഷ്ടിയാണ്. ഫ്രഞ്ച് വിദ്യാര്‍ത്ഥി കലാപത്തിന് ശേഷം ഗൊദാര്‍ദിന്റെ ചലച്ചിത്ര കല മറ്റൊരു തലത്തിലേക്കു മാറി.

ആര്‍ട്ട് സിനിമ, ചലച്ചിത്ര സ്രഷ്ടാവ് എന്നീ സങ്കല്പങ്ങള്‍ തിരസ്‌കരിച്ച ദ് സീഗ വെര്‍ട്ടോവ് ഗ്രൂപ്പുമായി ചേര്‍ന്ന് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങള്‍ നിര്‍മിച്ചു. ഗൊദാര്‍ദും ടോങ് പിയറി ഗോറിനുമായിരുന്നു ഈ സംഘത്തില്‍ പ്രമുഖര്‍. ആ പരീക്ഷണത്തിന്റെ സൃഷ്ടിയായ വിന്‍ഡ് ഫ്രം ദ ഈസ്റ്റ് (1969) തത്ത്വചിന്താപദ്ധതിയായ അപനിര്‍മ്മാണത്തിന്റെ സ്വാധീനമുള്ള വെസ്റ്റേണ്‍ ആണ്.

എഴുപതുകളില്‍ വീഡിയോയും ടെലിവിഷന്‍ പരമ്പരകളും ഗൊദാര്‍ദ് മാധ്യമമാക്കി. എണ്‍പതുകളോടെ വീണ്ടും സിനിമയിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ഘട്ടത്തിലെ ചിത്രങ്ങള്‍ ഗൊദാര്‍ദിന്റെ പ്രതിഭാക്ഷീണത്തെ കാണിക്കുന്നുവെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടിരുന്നു.. കിങ്ലിയര്‍, ഹിസ്റ്ററി ഓഫ് സിനിമ എന്നിവയും ശ്രദ്ധേയമാണ്.