ആകാംക്ഷ ഇരട്ടിപ്പിച്ച് ‘ഗെയിം ഓഫ് ത്രോണ്‍സ്’ ട്രെയിലര്‍; മണിക്കൂറുകള്‍ക്കുള്ളില്‍ കാഴ്ചക്കാര്‍ രണ്ട് കോടിയ്ക്കടുത്ത്

അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര ഗെയിം ഓഫ് ത്രോണ്‍സിന്റെ എട്ടാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. കേരളത്തിലും നിരവധി ആരാധകരാണ് പരമ്പരക്കുള്ളത്. എട്ടാമത്തെയും അവസാനത്തെയും സീസണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ ട്രെയിലറിന് രണ്ട് കോടിയ്ക്കടുത്ത് കാഴ്ച്ചക്കാരായിട്ടുണ്ട്. യൂട്യൂബ് ട്രെന്‍ഡിംഗിലും നാലാമതുണ്ട് ട്രെയിലര്‍.

എന്നാല്‍ അവസാന സീസണെ കുറിച്ച് അത്ര സന്തോഷകരമായ കാര്യങ്ങളല്ല പറയാനുള്ളതെന്ന് ജോണ്‍ സ്‌നോ ആയെത്തുന്ന കിറ്റ് ഹാരിംഗ്ടണ്‍ നേരത്തെ പറഞ്ഞിരുന്നു. അവസാന സീസണ്‍ ചിലരെ നിരാശപ്പെടുത്തുമെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലല്ല പരമ്പര അവസാനിക്കുന്നതെന്നുമാണ് ഹാരിംഗ്ടണ്‍ അന്ന് പറഞ്ഞത്.

പ്രമേയത്തിലൂടെയും സങ്കീര്‍ണമായ സംഭവ വികാസങ്ങളിലൂടെയും നിരൂപക പ്രശംസ പിടിച്ചു പറ്റിയ പരമ്പരയാണ് ഗെയിംസ് ഓഫ് ത്രോണ്‍സ്. ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ കഥയെ ആസ്പദമാക്കി ഡേവിഡ് ബെനിയോഫും ഡി ബി വെയ്‌സും ചേര്‍ന്നാണ് പരമ്പര ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 14 ന് പുതിയ സീരിസ് എത്തും.