‘ഡാര്‍ക്ക്’ അവസാന സീസണ്‍; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്, ട്രെയ്‌ലര്‍ വൈറല്‍

Advertisement

നെറ്റഫ്‌ളിക്‌സ് ജനപ്രിയ വെബ് സീരിസ് ‘ഡാര്‍ക്ക്’ മൂന്നാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്ത്. ജര്‍മ്മന്‍ ഭാഷയിലെ ആദ്യ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ പരമ്പരയായ ഡാര്‍ക്കിന്റെ മൂന്നാം സീസണ്‍ ജൂണ്‍ 27 മുതല്‍ സ്ട്രീം ചെയ്യും. ലോകമെമ്പാടും പ്രേക്ഷകപ്രീതി നേടിയ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സീരിസാണ് ഡാര്‍ക്ക്. 2017 ഡിസംബര്‍ ഒന്നിനാണ് നെറ്റ്ഫ്‌ളിക്‌സില്‍ സീരിസ് ആദ്യം സ്ട്രീം ചെയ്തത്.

ബാരന്‍ ബോ ഒഡാര്‍, യാന്‍ജെ ഫ്രീസ് എന്നിവര്‍ ചേര്‍ന്നാണ് ഈ പരമ്പര സൃഷ്ടിച്ചത്. രണ്ടാം സീസണ്‍ 2019 ജൂണ്‍ 21-നാണ് അവതരിപ്പിച്ചത്. സാങ്കല്‍പ്പിക ജര്‍മ്മന്‍ പട്ടണമായ വിന്‍ഡെനില്‍ നിന്ന് കുട്ടികള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങുന്നു, അവിടെ താമസിക്കുന്ന നാല് കുടുംബങ്ങളുടെ തകര്‍ന്ന ബന്ധങ്ങള്‍, ഇരട്ടജീവിതം, ഇരുണ്ട ഭൂതകാലം എന്നിവ ഇതുമൂലം വെളിച്ചത്തു വരുന്നു, കൂടാതെ നാല് തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു രഹസ്യം ചുരുളഴിക്കുകയും ചെയ്യുന്നു.

2019-ല്‍ ആണ് കഥ തുടങ്ങുന്നത്, പക്ഷെ ടൈം ട്രാവല്‍ വഴി 1986 -ലും 1953- ലും നടക്കുന്ന സംഭവങ്ങളും കഥയുടെ ഭാഗമാവുന്നു. പിതാവിന്റെ ആത്മഹത്യയുമായി പൊരുത്തപ്പെടാന്‍ പാടുപെടുന്ന യോനാസ് കാന്‍വാള്‍ഡ് എന്ന കൗമാരക്കാരന്‍, പൊലീസ് ഉദ്യോഗസ്ഥന്‍ അള്‍റിക് നീല്‍സണ്‍, പൊലീസ് മേധാവി ഷാര്‍ലറ്റ് ഡോപ്ലര്‍ എന്നിവരില്‍ കൂടിയാണ് കഥ പുരോഗമിക്കുന്നത്.