'കാനിലെ അവസാന ദിവസം പൊലീസ് സ്റ്റേഷനില്‍ ചെലവഴിക്കേണ്ടി വരുമെന്ന് കരുതിയില്ല'; ഫിലിം ഫെസ്റ്റിവലിനിടെ നടിയുടെ ആഭരണം മോഷണം പോയി

കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ഹോളിവുഡ് നടി ജൊഡി ടര്‍ണറിന്റെ ആഭരണം മോഷണം പോയി. ഫെസ്റ്റിവലിലെ റെഡ് കാര്‍പറ്റില്‍ അണിഞ്ഞ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. തന്റെ പുതിയ സിനിമയായ ആഫ്റ്റര്‍ യാങ്കോണ്‍ എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് നടി കാന്‍ ഫിലിം ഫെസ്റ്റിവലിന് എത്തിയത്.

ഷോയ്ക്ക് ശേഷം നടി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഹോട്ടലില്‍ വെച്ച് ഒരു വയസുള്ള മകള്‍ക്ക് ഭക്ഷണം കൊടുക്കവെയാണ് മോഷണം നടന്നത്. കാനിലെ തന്റെ അവസാന ദിവസം രണ്ടര മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ ചെലവഴിക്കേണ്ടി വരുമെന്ന് രുതിയില്ല, പക്ഷെ ഇവിടെയാണ് നമ്മള്‍ എന്നാണ് നടി ട്വിറ്ററില്‍ കുറിച്ചത്.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. കാന്‍ ഫിലിം ഫെസ്റ്റിവലിനോളം പ്രശസ്തമാണ് മേളയ്ക്കിടെ നടക്കുന്ന വമ്പന്‍ മോഷണങ്ങളും. 2013 ല്‍ കാര്‍ട്ലെന്‍ ഹോട്ടലില്‍ വെച്ച് 103 മില്യണ്‍ യൂറോസിന്റെ രത്നങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കുപ്രസിദ്ധ മോഷണ ഗ്യാംഗായ പിങ്ക് പാന്തേര്‍സ് ആണ് ഈ മോഷണത്തിന് പിന്നില്‍ എന്നാണ് അന്ന് ഉണ്ടായിരുന്ന അഭ്യൂഹങ്ങള്‍.

അതേവര്‍ഷം തന്നെ 1.6 മില്യണ്‍ യൂറോ വരുന്ന നെക്സലേസും മോഷണം പോയിരുന്നു. 2015-ലും 17.5 മില്യണ്‍ യൂറോ വില വരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. സിനിമാ പ്രദര്‍ശനത്തേക്കാളും ഖ്യാതി നേടുന്ന കാനിലെ റെഡ്  കാര്‍പറ്റില്‍ സെലിബ്രിറ്റികള്‍ക്ക് അണിയുന്ന ആഭരണങ്ങളും വസ്ത്രങ്ങളുമാണ്.