വിജയ്‌ക്കൊപ്പം ആന്റണി വര്‍ഗീസ്; മാസ് ആക്ഷന്‍ ചിത്രം ഒക്ടോബറില്‍ ആരംഭിക്കും

മലയാളത്തിന്റെ പ്രിയതാരം ആന്റണി വര്‍ഗീസിന്റെ തമിഴ് അരങ്ങേറ്റ ചിത്രം ഒക്ടോബറില്‍ ആരംഭിക്കും. ദളപതി വിജയ് ചിത്രത്തിലൂടെയാണ് ആന്റണിയുടെ തമിഴിലേക്കുള്ള പ്രവേശനം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി വില്ലനായെത്തുമെന്നാണ് സൂചന.

ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ മാനഗരം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോള്‍ ഒരുങ്ങുന്ന ചിത്രം ഒരു ഗ്യാങ്സ്റ്റര്‍ ത്രില്ലറാണ്. തിരക്കഥ വായിച്ചുകേള്‍പ്പിച്ചതിനെ തുടര്‍ന്ന് സിനിമയുടെ തിരക്കഥയിലെ പ്രാഥമിക രൂപത്തില്‍ വിജയ് സമ്മതം അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിഗിലാണ് വിജയ്‌യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായ പുതിയ ചിത്രം.

ആന്റണി വര്‍ഗീസിന്റേതായി നാല് മലയാള ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. ഇതില്‍ ജല്ലിക്കെട്ട് റിലീസിന് തയ്യാറെടുക്കുകയാണ്.
അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജല്ലിക്കെട്ട്.