പേരറിവാളനെ ഉടന്‍ മോചിപ്പിക്കണം, അമ്മയുടെ മുപ്പത് വര്‍ഷത്തെ പോരാട്ടം അവസാനിപ്പിക്കണം: വിജയ് സേതുപതി

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി തമിഴ് സിനിമാരംഗത്തെ പ്രമുഖര്‍. പേരറിവാളനെ ഉടന്‍ മോചിപ്പിക്കണം എന്ന ആവശ്യവുമായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് രംഗത്തെത്തിയിരുന്നു. പിന്നാലെ ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിജയ് സേതുപതി.

അമ്മ അര്‍പ്പുതമ്മാളിന്റെ 30 വര്‍ഷം നീണ്ടുനിന്ന പോരാട്ടം അവസാനിപ്പിക്കുന്നതിനായി കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന പേരറിവാളിനെ വെറുതെ വിടണമെന്നും, സുപ്രീംകോടതി വിധിയെ മാനിക്കണമെന്നുമാണ് സേതുപതി ഫെയ്‌സ്ബുക്ക് ലൈവിലൂടെ അഭ്യര്‍ത്ഥിച്ചത്.

”കുറ്റം ചെയ്യാത്ത ഒരാള്‍ 30 വര്‍ഷം ജയിലില്‍. മകന് വേണ്ടി ഒരു അമ്മയുടെ 30 വര്‍ഷത്തെ പോരാട്ടം..അവര്‍ക്ക് നീതി നല്‍കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോടും ഗവര്‍ണറോടും അഭ്യര്‍ത്ഥിക്കുന്നു..ഇനിയെങ്കിലും അമ്മയെയും മകനെയും ജീവിക്കാന്‍ അനുവദിക്കൂ” എന്നാണ് കാര്‍ത്തിക് സുബ്ബരാജിന്റെ ട്വീറ്റ്.

രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണിലാണ് പേരറിവാളനെ അറസ്റ്റ് ചെയ്തത്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ച ബാറ്ററി വാങ്ങി നല്‍കി എന്ന് ആരോപിച്ച് 19ാം വയസിലാണ് പേരറിവാളന്‍ അറസ്റ്റിലായത്. 26 വര്‍ഷത്തിനു ശേഷമാണ് പേരറിവാളന് പരോള്‍ പോലും ലഭിക്കുന്നത്.