നയന്‍താര - വിഘ്‌നേഷ് വിവാഹം പകര്‍ത്താന്‍ നെറ്റ്ഫ്‌ളിക്‌സ്, ചെലവഴിക്കുന്നത് രണ്ടു കോടിയിലധികം രൂപ

 

നയന്‍താരയും വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം ജൂണ്‍ 9ന് ചെന്നൈ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ നടത്താനുള്ള ഒരുക്കം തുടങ്ങിയിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സിനാണ് ചിത്രീകരണാവകാശം കിട്ടിയിരിക്കുന്നത്. സംവിധായകന്‍ ഗൗതം മേനോന്റെ നേതൃത്വത്തിലുള്ള ടീം ആയിരിക്കും വിവാഹം ചിത്രീകരിക്കുന്നത്. ഡോക്യുമെന്ററി മാതൃകയില്‍ ഷൂട്ട് ചെയ്ത ശേഷമാകും പിന്നീട് ഒടിടിയിലൂടെ സ്ട്രീം ചെയ്യുക. രണ്ടു കോടിയിലേറെ രൂപയാണ് നെറ്റ്ഫ്‌ലിക്‌സ് ഇതിനു വേണ്ടി ചെലവഴിക്കുന്നതെന്നാണ് വിവരം.

മഹാബലിപുരത്തുള്ള ഷെറാട്ടന്‍ ഫോര്‍പോയിന്റ്‌സ് റിസോര്‍ട്ടിലാണ് ചടങ്ങ്. ഒരാഴ്ചയോളം റിസോര്‍ട്ട് പൂര്‍ണമായും വിവാഹാവശ്യത്തിനായി വാടകയ്ക്ക് എടുത്തിരിക്കുകയാണ്. വെളുപ്പിന് നാലു മണിക്കും ഏഴു മണിക്കും ഇടയിലാകും വിവാഹം നടക്കുക. വളരെ സ്വകാര്യമായി നടക്കുന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുന്നുള്ളൂ. ചടങ്ങിന്റെ ചിത്രങ്ങള്‍ ഉച്ചയോടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടും.

ഇതേ റിസോര്‍ട്ടില്‍ വച്ചു തന്നെ സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കും വിവാഹത്തലേന്ന് വിരുന്നും ഒരുക്കും. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, രജനികാന്ത്, ചിരഞ്ജീവി, കമല്‍ഹാസന്‍, സൂര്യ, വിജയ്, അജിത്, കാര്‍ത്തി, വിജയ് സേതുപതി തുടങ്ങിയവര്‍ പങ്കെടുത്തേക്കും.

ഏഴ്ു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കിയും നയനും വിവാഹിതരാകുന്നത്. 2015ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇവര്‍ പ്രണയത്തിലായത്.