ഇന്ദ്രന്‍സിന്റെ 'വെയില്‍മരങ്ങള്‍' ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേയ്ക്ക്

ഇന്ദ്രന്‍സിനെ നായകനാക്കി ഡോ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍” ഇരുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുത്തു.
ഷാങ്ഹായിലെ “ഗോള്‍ഡന്‍ ഗോബ്ലറ്റ് ” പുരസ്‌കാരങ്ങള്‍ക്ക് വേണ്ടിയുള്ള മത്സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത് .

ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരങ്ങള്‍ക്കായി ഈ വര്‍ഷം മത്സരിക്കുന്ന ഒരേ ഒരു ഇന്ത്യന്‍ സിനിമയാണ് വെയില്‍മരങ്ങള്‍. അന്താരാഷ്ട്ര മേളകളുടെ ആധികാരികത നിര്‍ണയിക്കുന്ന “ഫിയാപ്ഫി”ന്റെ അംഗീകാരമുള്ള ലോകത്തെ പ്രധാനപ്പെട്ട ആദ്യ പതിനഞ്ചു ചലച്ചിത്രമേളകളില്‍ ഒന്നാണ് ഷാങ്ഹായിലേത് .

സോമാ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആകാശത്തിന്റെ നിറം, പേരറിയാത്തവര്‍, കാട് പൂക്കുന്ന നേരം എന്നിവയ്ക്ക് ശേഷം ഇന്ദ്രന്‍സും ഡോ ബിജുവുമൊത്തുള്ള നാലാമത്തെ ചിത്രമാണ് വെയില്‍മരങ്ങള്‍. .

ഈ വര്‍ഷം 112 രാജ്യങ്ങളില്‍ നിന്നുമുള്ള 3964 ചിത്രങ്ങളില്‍ നിന്നാണ് 14 എണ്ണം ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സരത്തിനായി തിരഞ്ഞെടുത്തത്. പ്രശസ്ത ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയ്‌ലാന്‍ ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയര്‍മാന്‍ .

ജൂണ്‍ 15 മുതല്‍ 24 വരെ നടക്കുന്ന മേളയില്‍ സംവിധായകന്‍ ഡോ.ബിജു, നിര്‍മാതാവ് ബേബി മാത്യു സോമതീരം , പ്രധാന നടന്‍ ഇന്ദ്രന്‍സ് , പ്രകാശ് ബാരെ എന്നിവര്‍ പങ്കെടുക്കും .

Read more

എം.ജെ.രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശബ്ദ മിശ്രണം പ്രമോദ് തോമസ്, ലൊക്കേഷന്‍ സിങ്ക് സൗണ്ട് ജയദേവന്‍ ചക്കാടത്ത്, സ്മിജിത് കുമാര്‍ പി.ബി., എഡിറ്റിംഗ് ഡേവിസ് മാനുവല്‍, സംഗീതം ബിജിബാല്‍, കലാസംവിധാനം ജോതിഷ് ശങ്കര്‍, ചമയം പട്ടണം ഷാ, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആര്‍ എന്നിവരും നിര്‍വഹിക്കുന്നു.