ഇലക്ഷന്‍ ഡ്യൂട്ടിക്ക് പുറപ്പെടാനൊരുങ്ങി എസ്.ഐ മണിസാറും ടീമും; 'ഉണ്ട'യുടെ ടീസര്‍ നാളെ എത്തും

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം “ഉണ്ട”യുടെ ടീസര്‍ നാളെ എത്തും. വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയ്ക്കാണ് ടീസര്‍ റിലീസ് ചെയ്യുക. നിരവധി പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള മമ്മൂട്ടിയുടെ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.

അനുരാഗ കരിക്കിന്‍വെള്ളത്തിനു ശേഷം ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇതുവരെ മമ്മൂട്ടി ചെയ്തിട്ടുള്ള പൊലീസ് വേഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ഉണ്ടയിലെ കഥാപാത്രമെന്നാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ നല്‍കുന്ന സൂചന. ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more

ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.