ഈ സിനിമ പട്ടാളക്കാര്‍ക്ക് ഒരു ആദരം, കൂടെ ഒരു ഓര്‍മപ്പെടുത്തലും: ‘എടക്കാട് ബറ്റാലിയന്‍ 06’നെ കുറിച്ച് ടൊവിനോ

ടൊവിനോ തോമസ് പട്ടാള വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘എടക്കാട് ബറ്റാലിയന്‍ 06’. ഷെഫീക് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രം പട്ടാളക്കാര്‍ക്കുള്ള ആദരവും ഒപ്പം ഒരു ഓര്‍മപ്പെടത്തലും കൂടിയാണെന്നാണ് ടൊവിനോ  തോമസ് പറയുന്നത്.

”ഈ സിനിമ ഒരു ഓര്‍മിപ്പിക്കലാണ് പട്ടാളക്കാരന്റെ ധീരതയും നാടിനോട് കാണിക്കുന്ന കമ്മിറ്റ്‌മെന്റും, അതേ സമയം പട്ടാളക്കാര്‍ക്കുള്ള ഒരു ആദരവ് കൂടിയാണ്. എന്റെ കഥാപാത്രം പട്ടാളക്കാരനാണ്, അതിന്റെ ഒരു ഷെയ്ഡ് ചിത്രത്തിലുടെ നീളം കാണാന്‍ സാധിക്കും. കുറച്ച് മിലിറ്ററി ഓപ്പറേഷന്‍സ് ഉണ്ട്. എന്നാല്‍ മുഴുവനും മിലിറ്ററി ഓപ്പറേഷന്‍സ് അല്ല.”

”കണ്ടന്റില്‍ തന്നെയാണ് ഇതിന്റെ സ്‌ട്രെങ്ത് ഇരിക്കുന്നത്. ചിത്രത്തിലെ മറ്റുള്ള കഥാപാത്രങ്ങളെയെല്ലാം കണക്ട് ചെയ്യുന്ന ആളായാണ് എന്റെ കഥാപാത്രം. ഈ പട്ടാളക്കാരന്റെ ഫാമിലി, വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി, സുഹൃത്ത്, മറ്റ് ബന്ധുക്കള്‍, നാട്ടിലെ കുറച്ച് ചെറുപ്പക്കാരും ഇയാളും തമ്മിലുള്ള സംഘര്‍ഷം ഒക്കെയാണ് ചിത്രത്തിലുള്ളത്” എന്നും ടൊവിനോ പറയുന്നു.