സംവിധായകന്റെ വേഷത്തില്‍ ടൊവീനോ ; 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' നാളെ തിയേറ്ററുകളില്‍

ടൊവീനോ തോമസിനെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന “ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു” നാളെ തിയേറ്ററുകളിലെത്തും. “ഉയരെ”, “വൈറസ്” എന്നീ വിജയ ചിത്രങ്ങള്‍ക്കു പിന്നാലെ തിയേറ്ററുകളില്‍ എത്തുന്ന ടൊവിനോ ചിത്രമാണ് ഇത്. ചിത്രത്തില്‍ ഇസഹാക്ക് ഇബ്രാഹിം എന്ന സംവിധായകന്റെ വേഷത്തിലാണ് ടൊവീനോ എത്തുക. അനു സിത്താരയാണ് നായിക.

മലയാള ചലച്ചിത്ര പ്രവര്‍ത്തകന് ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി കിട്ടുന്നതാണ് പ്രമേയം. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. മധു അമ്പാട്ടാണ് ഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലിന്റെതാണ് സംഗീതം.നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഉയരെയിലും വൈറസിലും ശ്രദ്ധേയമായ വേഷം ചെയ്തതിന് പിന്നാലെ കല്‍ക്കി, ലൂക്ക, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, മിന്നല്‍ മുരളി, ജോ, ആരവം, പതിനെട്ടാംപടി, ഫോറന്‍സിക്ക്, പള്ളിച്ചട്ടമ്പി തുടങ്ങി പത്തോളം ചിത്രങ്ങളാണ് ടൊവീനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ ലൂക്ക ജൂണ്‍ 28 ന് തിയേറ്ററുകളിലെത്തും.