ആ മറുപടി എന്നെ ഈ മനുഷ്യന്റെ ആരാധകനാക്കി- വൈറല്‍ കുറിപ്പ്

ജയസൂര്യയുടെ അഭിനയത്തോടുള്ള ആത്മാര്‍ഥതയെ പ്രശംസിച്ച് തൃശൂര്‍ പൂരം എന്ന സിനിമയുടെ അസോസിയേറ്റ് സംവിധായകന്‍ റിബല്‍ വിജയ് കുറിച്ച വാക്കുകള്‍ വൈറലാകുന്നു. അഭിനയത്തോട് അങ്ങേ അറ്റം ഡെഡിക്കേഷനുള്ള നടനാണ് ജയസൂര്യയെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ റിബല്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

ആ നടുക്ക് നില്‍ക്കുന്ന മനുഷ്യന്‍. ആദ്യ ഷോട്ട് രാവിലെ അഞ്ച് മണിക്ക് ആണെങ്കില്‍ 4.55ന് മേക്കപ്പ് ഇട്ട് ആള് റെഡി. സര്‍ ഷോട്ട് അല്‍പം താമസിക്കുമെന്ന് പറഞ്ഞാല്‍ ഒരു കസേര ഇട്ട് ഏതെങ്കിലും കോണില്‍ ഇരിക്കും.

സംവിധായകന്‍ ഓക്കേ പറഞ്ഞാലും, സര്‍ ഒന്നുകൂടി നോക്കാം വീണ്ടും ചെയ്യും. ഏഴ് ദിവസം അടുപ്പിച്ച് ഫൈറ്റ് ചെയ്ത് ഒടുവില്‍ പരുക്ക്. എന്നിട്ടും നമുക്ക് ഫൈറ്റ് മാറ്റി സീന്‍ എടുക്കാം ബ്രേക്ക് ചെയ്യണ്ട എന്ന് പറയുക. ഇങ്ങനെയൊക്കെ ആണ് ഈ മനുഷ്യന്‍.

ഒരിക്കല്‍ കോളനിയില്‍ ഷൂട്ട് ചെയ്തപ്പോള്‍ മഴ പെയ്തു ഒരു ചെറിയ കുടിലില്‍ കയറി ഇരിക്കുകയായിരുന്ന ഈ മനുഷ്യനോട് സംവിധായകന്‍ ചോദിച്ചു, ‘മഴ കുറഞ്ഞിട്ടു വന്നാല്‍ മതി കാരവനിലേയ്ക്കു പോകാം. ഈ മനുഷ്യന്‍ ഒരു മറുപടി പറഞ്ഞു, ‘രാജേഷേ ഞാന്‍ സിനിമയില്‍ വരുന്നതിനു മുന്‍പ് എന്റെ വീട് ഇതിലും ചെറുതായിരുന്നു.’ അന്ന് ഞാന്‍ ഈ മനുഷ്യന്റെ ഫാന്‍ ആയി…ഇത് ഇപ്പോള്‍ പറയേണ്ട കാര്യം ഉണ്ട് അതാ പറഞ്ഞെ

പൊരിവെയിലത്തു തൃശൂര്‍ ടൗണില്‍ ഓടിച്ചിട്ട് അടി കഴിഞ്ഞുള്ള നില്‍പ്പാണ്.. സ്‌ക്രീന്‍ നോക്കുമ്പോള്‍ കണ്ണിലെ ആകാംഷയില്‍ നിന്നും ഡെഡിക്കേഷന്‍ മനസിലാക്കാം.

എന്ന് മമ്മൂക്കയുടെ ഒരു കടുത്ത ആരാധകന്‍ ഞാന്‍…

ജയസൂര്യയും ഫ്രൈഡേ ഫിലിം ഹൗസും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് തൃശൂര്‍ പൂരം. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. റൗണ്ട് ജയന്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തില്‍ വേഷമിടുന്നത്. നടന്‍ സെന്തില്‍ കൃഷ്ണയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരം ഗായത്രി അരുണും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഡിസംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.