ഇയാളൊരു സാധാരണക്കാരനായ മാഷല്ല; ‘തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസനും കുമ്പളങ്ങി ഫെയിം മാത്യുവും പ്രധാനവേഷങ്ങളിലെത്തുന്ന’തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ 26ാം തീയതി തീയേറ്ററുകളിലെത്തുകയാണ്. രവി പദ്മനാഭന്‍ എന്ന സ്‌കൂള്‍ അധ്യാപകന്റെ വേഷത്തിലാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ എത്തുന്നത്. വിനീത് ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങളിലേതെന്ന് തിരക്കഥാകൃത്തുക്കളിലൊരാളായ ഡിനോയ് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ച് വിനീത് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

ഇതുവരെ ഞാന്‍ ഇങ്ങനെയൊരു ക്യാരക്ടര്‍ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഓരോ സീനിലും അഭിനയിക്കുന്ന സമയത്ത് എനിക്ക് ചെയ്യാനുണ്ടായിരുന്നത് പുതിയ കാര്യങ്ങളാണ്. കുഞ്ഞിരാമായണം എന്ന ചിത്രത്തില്‍ എനിക്ക് ഓരോ സീനിലും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടായിരുന്നു. അതിന് ശേഷം തണ്ണീര്‍മത്തന്‍ ദിനങ്ങളിലാണ് ഓവര്‍ ദ ടോപ്പ് ആയി കഥാപാത്രത്തെ സമീപിക്കേണ്ടി വന്നത്. വിനീത് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഗിരീഷാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ ജാതിക്കാ തോട്ടത്തിലെ എന്ന ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് ഈണമിട്ടിരിക്കുന്ന ഈ ഗാനം സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍. ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.