'സണ്ണിച്ചന് വേണ്ടി ഒരു കഥ എഴുതി നടക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി... പ്രതീക്ഷയോടെയാണ് കമന്റ് ഇടുന്നത്..'; ആരാധകന് മറുപടിയുമായി സണ്ണി വെയ്ന്‍

സോഷ്യല്‍ മീഡിയയില്‍ സിനിമയ്ക്കായി ഡേറ്റ് ചോദിച്ച യുവാവിന് നടന്‍ സണ്ണി വെയ്ന്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുന്നു. സണ്ണി വെയ്ന്‍ പങ്കുവച്ച മിറര്‍ സെല്‍ഫിക്ക് താഴെയാണ് കമന്റ് എത്തിയത്. പിന്നീടത്തേക്ക് മാറ്റി വച്ചാല്‍ പിന്നെ ഒരിക്കലും നടക്കില്ലെന്ന കുറിപ്പോടെയായിരുന്നു സണ്ണി തന്റെ വര്‍ക്കൗട്ട് ചിത്രം പങ്കുവച്ചത്.

”ചില കാര്യങ്ങള്‍ നമ്മുടെ മാത്രം കയ്യില്‍ അല്ലല്ലോ… സണ്ണിച്ചന് വേണ്ടി ഒരു കഥ എഴുതി നടക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി.. കൊറേ പേരെ കോണ്ടാക്ട് ചെയ്തു… ഒന്നും നടന്നില്ല… ആ കഥ നിങ്ങളോട് ഒന്ന് പറയാന്‍ വേണ്ടി നടക്കുവാണ്… എന്റെ കാര്യത്തില്‍ ഇപ്പോള്‍ ലേറ്റര്‍ സമം നെവര്‍ തന്നെയാണ്… ഒരു പ്രതീക്ഷ എന്ന നിലയില്‍ ഇടുന്ന കമന്റ് ആണ്… കാണുമെന്നും അവസരം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു..” എന്നാണ് കമന്റ്.

ബാദുഷ ഫയാസ് എന്ന യുവാവിന്റെ കമന്റിന് താരം മറുപടി നല്‍കുകയും ചെയ്തു. ഹായ്, മെയില്‍ ഐഡിയും ഫോണ്‍ നമ്പറും ഇവിടെയിടൂ, ഉടനെ തന്നെ വിളിക്കുന്നതാണ് എന്നായിരുന്നു സണ്ണിയുടെ മറുപടി. പിന്നാലെ താരത്തിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

അതേസമയം, കുറുപ്പ്, കുറ്റവും ശിക്ഷയും എന്നീ സിനിമകളാണ് സണ്ണിയുടെതായി റിലീസിന് ഒരുങ്ങുന്നത്. വൃത്തം, ചെത്തി മന്ദാരം തുളസി, സം സം, പാപ്പാന്‍, അടിത്തട്ട്, വരാല്‍, ത്രയം എന്നീ സിനിമകളാണ് സണ്ണി വെയന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.