ശ്രീകുമാരന്‍ തമ്പിക്ക് വയലാര്‍ അവാര്‍ഡ്

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 47ാമത് വയലാര്‍ അവാര്‍ഡ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വയലാര്‍ രാമവര്‍മയുടെ ചരമവാര്‍ഷിക ദിനമായ 27ന് പുരസ്‌കാരം സമ്മാനിക്കും.

‘കാട്ടുമല്ലിക’ എന്ന സിനിമയിലാണ് ആദ്യമായി ശ്രീകുമാരന്‍ തമ്പി പാട്ട് എഴുതുന്നത്. തുടര്‍ന്ന് സിനിമയ്ക്കും മറ്റു മാധ്യമങ്ങള്‍ക്കുമായി മൂവായിരത്തിലധികം ഗാനങ്ങള്‍ രചിച്ചു. 78 സിനിമകള്‍ക്കു തിരക്കഥ എഴുതി. മുപ്പതിലധികം സിനിമകള്‍ സംവിധാനം ചെയ്തു. 22 ചലച്ചിത്രങ്ങള്‍ സ്വന്തമായി നിര്‍മിച്ചു.

13 ടെലിവിഷന്‍ പരമ്പരകളുടെ നിര്‍മാതാവും സംവിധായകനുമായി. മലയാള സിനിമക്ക് നല്‍കിയ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തി കേരള സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1940 മാര്‍ച്ച് 16ന് ആലപ്പുഴ ജില്ലയിലാണ് ജനനം.