സൗബിനെ നായകനാക്കി ഭദ്രന്‍ ഒരുക്കുന്നത് സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലര്‍; 'ജൂതന്‍' ഒരു യഥാര്‍ത്ഥ സംഭവകഥ

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ഭദ്രന്റെ പുതിയ ചിത്രമാണ് ജൂതന്‍. സൗബിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു യഥാര്‍ത്ഥ സംഭവ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. സ്ഫടികത്തിലെ ആടുതോമയെ പോലെ തന്നെ എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെട്ടു പോയ ഒരു മനുഷ്യന്റെ കഥയാണ് ജൂതനെന്നാണ് ഭദ്രന്‍ പറയുന്നത്.

“ഡെക്കാന്‍ ക്രോണിക്കിളില്‍ കണ്ട ഒരു ലേഖനമാണ് എന്നെ ജൂതന്‍ എന്ന സിനിമയിലേക്ക് അടുപ്പിച്ചതെന്ന് ഭദ്രന്‍ മുമ്പൊരിക്കല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂതന്‍ എന്ന പേര് സിനിമയ്ക്ക് തീര്‍ച്ചയാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ ജൂതന്റെ വേഷത്തില്‍ സൗബിന്‍ എത്തുന്നു. ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലാണ് നായിക. ശിക്കാര്‍, നടന്‍, കനല്‍ തുടങ്ങിയ സിനിമകളൊരുക്കിയ എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ലോകനാഥന്‍ എസ്. ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതം, ബംഗ്ലാന്‍ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.